കുടിവെള്ള വിതരണം ഉടൻ പുനരാരംഭിക്കുമെന്ന് എറണാകുളം ജില്ല കലക്‌ടർ

പ്രളയക്കെടുതി മൂലം മുടങ്ങിയ കുടിവെള്ള വിതരണം നാളത്തേക്ക് സാധാരണ നിലയിൽ എത്തിക്കാൻ കഴിയുമെന്ന് എറണാകുളം ജില്ല കലക്‌ടർ. ആലുവ പറവൂർ പ്രദേശങ്ങളിലായി 14 മരണങ്ങൾ ഇതുവരെ ഉണ്ടായി. പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. മുങ്ങിച്ചത്ത വളർത്തുമൃഗങ്ങളുടെ ശരീരങ്ങൾ സംസ്കരിക്കാൻ സംവിധാനം ഏർപ്പെടുത്തിയതായും കലക്‌ടർ വിശദീകരിച്ചു.

പെരിയാറിൽ വെള്ളം പൊങ്ങി ആലുവയിൽ നിന്നുള്ള കുടിവെള്ള പമ്പിങ് ഭാഗികമായി നിർത്തി വയ്‌ക്കേണ്ടി വന്നതാണ് എറണാകുളം പ്രദേശത്തെക്കുള്ള വിതരണത്തെ ബാധിച്ചത്. ഇത് പുനഃസ്ഥാപിച്ചുവരുകയാണ്. നാളത്തേക്ക് പൂർവസ്ഥിതിയിലാകും എന്നാണ് പ്രതീക്ഷ. 

743 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലായിലാകെ ഉണ്ട്. അവിടെയെല്ലാം കുടിവെള്ളം എത്തിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഇത്തവരെ അത് ഏറെക്കുറെ പൂർത്തിയാക്കാൻ കഴിഞ്ഞതായി കളക്ടർ പറയുന്നു. കുത്തിയതോട് പള്ളിക്കെട്ടിടം ഇടിഞ്ഞുവീണ് മരിച്ചവർ അടക്കം 14 മരണങ്ങൾ ആണ് ഇതുവരെ സ്ഥിരീകരിച്ചത്. ആളുകളെ കാണാതായതായി ഒട്ടേറെ പരാതികൾ വരുന്നുണ്ട്. എന്നാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ പൂർണമായി ശേഖരിച്ചാലെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂ. ഇതിന് ഒരു ദിവസം കൂടി വേണ്ടിവരും. പല പ്രദേശങ്ങളിലും ഇപ്പോഴും വെള്ളം കയറി കിടക്കുന്നുണ്ട്. വെള്ളം ഇറങ്ങുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ കുടുങ്ങിയ ആളുകളെ അവർക്ക് താത്പര്യമുണ്ടെങ്കിൽ മാത്രമേ ഇനി പുറത്തേക്ക് എത്തിക്കുന്നുള്ളൂ. പലയിടത്തും മൃഗങ്ങൾ ചത്തടിഞ്ഞു കൂടിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ അവ എത്തിച്ചാൽ ശാസ്ത്രീയമായി സാംസ്കരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. 

പ്രധാന റോഡുകളിലെ ഗതാഗതം ഏറെക്കുറെ പുനസ്ഥാപിച്ചു കഴിഞ്ഞു. ഇടറോഡുകളിലെ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് അവശിഷ്ടങ്ങൾ നീക്കി വാഹന ഗതാഗതത്തിന് തയ്യാറാക്കാനാണ് ശ്രമം.