ചരക്ക് ലോറികളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ മുഴുവന്‍ ചരക്ക് ലോറികളും നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സംസ്ഥാനത്തെ ലോറി ഉടമകളും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ചരക്കുനീക്കം പൂര്‍ണമായും സ്തംഭിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ലോറി ഉടമകളുടെ ആക്ഷേപം. 

ഇന്നലെ അര്‍ധരാത്രിയോടെ ചരക്ക് നീക്കം പൂര്‍ണമായും നിലച്ചു. എണ്‍പത് ലക്ഷത്തിലധികം ലോറികളാണ് അനിശ്ചിതകാല പണിമുടക്കില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ രണ്ടരലക്ഷത്തിലധികം ചരക്ക് ലോറികള്‍ ഓട്ടം നിര്‍ത്തി. ഇന്ധനവിലവര്‍ധന, ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടിയത്,അശാസ്ത്രീയമായ ടോള്‍പിരിവ് തുടങ്ങിയ കാര്യങ്ങളാണ് ലോറി ഉടമകള്‍ ഉന്നയിക്കുന്നത്. സമരം കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ചരക്ക് വരവില്‍ നേരത്തെ തന്നെ കാര്യമായ കുറവുണ്ടായിരുന്നു. 

പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ട് തവണ ലോറി ഉടമകള്‍ നിവേദനം നല്‍കിയെങ്കിലും ഉടന്‍ പരിഹാരമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചിട്ടും ഇത്തവണ ചര്‍ച്ചക്കു പോലും അവസരം നല്‍കിയില്ല. ഈ സാഹചര്യത്തില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പണിമുടക്ക് തുടരുമെന്നാണ് ലോറി ഉടമകളുടെ നിലപാട്.