കനത്തമഴയ്ക്ക് നേരിയ ശമനം; മഴക്കെടുതികൾ തുടരുന്നു

മഴ കുറഞ്ഞെങ്കിലും മഴക്കെടുതിക്ക് ശമനമില്ല. വയനാട്, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളില്‍ മഴ തുടരുന്നു. വയനാട് കോറോത്തില്‍ ഉരുള്‍പൊട്ടലില്‍ നാല് ടിപ്പര്‍ ലോറികള്‍ മണ്ണിനടയിലായി. അട്ടപ്പാടി മണ്ണാര്‍ക്കാട് ചുരം റോഡില്‍ വീണ്ടും മണ്ണിടിഞ്ഞതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കുറ്റ്യാടി ചുരത്തില്‍ ലോറി മറിഞ്ഞു ഡ്രൈവര്‍  മരിച്ചു

വയനാട്ടില്‍ ഇന്ന് ഏഴ് ദുരിതാശ്വാസക്യാംപുകള്‍ കൂടി തുറന്നു. ഇതോടെ നാല്‍പതു ക്യാംപുകളിലായി കഴിയുന്നവരുടെ എണ്ണം രണ്ടായിരം കഴിഞ്ഞു. താഴ്ചന്ന പ്രദേശങ്ങള്‍ ഇപ്പോഴും മണ്ണിനടിയിലാണ്. കോറോത്ത് ക്വാറിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് ടിപ്പര്‍ ലോറികള്‍ മണ്ണിനടിയിലായി. ആളപായമില്ല. കുറ്റ്യാടി ചുരത്തില്‍ ലോറി മറിഞ്ഞു ഡ്രൈവര്‍ മൈസൂരു സ്വദേശി കുമാര്‍ മരിച്ചു. മൈസുരുവില്‍ നിന്നും കൊച്ചിയിലേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയാണ് ചുരത്തിലെ മൂന്നാം വളവില്‍വച്ചു നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞത്. 

അട്ടപ്പാടി മണ്ണാര്‍ക്കാട് ചുരം റോഡിലേക്ക് ഇടിഞ്ഞ മണ്ണ് ആറു മണിക്കൂര്‍ നീണ്ട ശ്രമഫലമായാണ് നീക്കിയത്. മഴ കനത്താല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന സ്ഥിതിയാണ്. ഇടുക്കിയില്‍ 20 വീടുകള്‍ പൂര്‍ണമായും 397 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മുരിക്കാശ്ശേരി ക്ഷേത്രത്തിലെ അന്നദാന മണ്ഡപവും ഒാഫീസും തകര്‍ന്നു. 

ജലസംഭരണികള്‍ ജലനിരപ്പ് ഉയരുന്നു. കല്ലാര്‍, ഇരട്ടയാര്‍ അണക്കെട്ടുകള്‍ തുറന്നുവിടാന്‍ സാധ്യത. മലങ്കര  അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍്്ത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 124 അടിയായി .