സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും പ്രവർത്തനത്തിൽ മാറ്റമില്ലാതെ പരിയാരം മെഡിക്കൽ കോളജ്

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്ത് രണ്ടുമാസമായിട്ടും പ്രവര്‍‌ത്തനമെല്ലാം പഴയപടി . പിജി പ്രവേശനം സ്വാശ്രയ ഫീസില്‍ നടത്തിയ മെഡിക്കല്‍ കോളജില്‍നിന്ന് രോഗികള്‍ക്ക് സൗജന്യ ചികില്‍സയും ലഭിക്കുന്നില്ല. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്നാരോപിച്ച് അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

സർക്കാർ നിയോഗിച്ച സമിതിക്കാണ് മെ‍‍ഡിക്കല്‍ കോളജിന്റെ ഭരണച്ചുമതല. പഠന ഫീസും ചികിത്സാ നിരക്കും നിശ്ചയിക്കാന്‍ അഞ്ചംഗ സമിതിയെയും നിയമിച്ചിരുന്നു. പുതിയ അധ്യായനവര്‍ഷം തുടങ്ങിയിട്ടും ഫീസ് ഘടന ഇതുവരെ നിശ്ചയിച്ചില്ല. സ്വാശ്രയ ഫീസില്‍തന്നെ പിജിക്ക് പ്രവേശനം നല്‍കി. ചികില്‍സാ നിരക്കിലും മാറ്റംവന്നില്ല. മറ്റ് സ്വാശ്രയ കോളജുകളെ പോലെ ഏകീകൃത ഫീസ് ഘടനയില്‍തന്നെ മെഡിക്കല്‍ പ്രവേശനം നടത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു.

സൊസൈറ്റി രൂപീകരിച്ച് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം അതിന്റെ കീഴിലാക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നതിന് തുല്യമാണെന്നാണ് പ്രക്ഷോഭസമിതിയുടെ ആരോപണം. ഇതോടെ സൗജന്യ വിദഗ്ധ ചികില്‍സയും സര്‍ക്കാര്‍ ഫീസിലുള്ള മെഡിക്കല്‍ പഠനവും അന്തമായി നീളുകയാണ്.