മലവെള്ളം പാഞ്ഞെത്തി; അയാള്‍ മൂന്നുപേരെയും കെട്ടിപ്പിടിച്ചുനിന്നു: ഭീതിദകാഴ്ച

പ്രകൃതിയുടെ അതിരൗദ്ര സംഹാരത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കോഴിക്കോട്. ഇന്നലെ രാത്രി 12 മണിയോടെയാണ് കട്ടിപ്പാറ കരിഞ്ചോല പ്രദേശത്ത് ഉരുള്‍പൊട്ടുന്നത്. വലിയ ജനവാസമേഖല അല്ലെങ്കിലും ഒറ്റപ്പെട്ട വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണ് രാത്രിയോടെ മണ്ണും കൂറ്റന്‍ മരങ്ങളും മഴവെള്ളവും ഒലിച്ചെത്തിയത്. നിമിഷനേരം കൊണ്ട് മൂന്ന് വീടുകള്‍ പൂര്‍ണമായും മണ്ണിനടയിലായി. രക്ഷാപ്രവര്‍ത്തനെത്തിയവര്‍ അമ്പരന്നുപോകുവിധം ഭീകരമായിരുന്നു അവസ്ഥ. ദുരിതബാധിത പ്രദേശത്ത് വീടുകള്‍ ഉണ്ടായിരുന്നോ എന്നുപോലും സംശയിച്ചുപോകത്തക്ക വിധം അവിടം മാറിയിരുന്നു. അവസാനം വിവരം കിട്ടുമ്പോള്‍ നാലുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എത്രപേര്‍ വീടിനടിയില്‍ കുടുങ്ങി കിടക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. 

രക്ഷാപ്രവര്‍ത്തനത്തിനും മഴ വില്ലനായി മാറുന്നുണ്ട്. സംഭവസ്ഥലത്ത് ആദ്യം ഒാടിയെത്തിയ നാട്ടുകാരുടെ പ്രതികരണം ഞെട്ടിക്കുന്നതാണ്. മൂന്നു കുടുംബത്തിലെ അംഗങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല എന്നതും ആശങ്കയേറ്റുന്നു. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ വാക്കുകളില്‍ ഇപ്പോഴും ഭീതി നിറയുകയാണ്. രാവിലെ രക്ഷപ്പെടുത്തിയ ഒരു കുടുംബത്തില്‍ കണ്ട കാഴ്ച നാട്ടുകാരില്‍ ഒരാള്‍ പറയുന്നതിങ്ങനെ. ഉരുള്‍പൊട്ടി വലിയ പാറയും മണ്ണും ഒലിച്ചിറങ്ങി വരുമ്പോള്‍ മൂന്നുപേരെയും കെട്ടിപ്പിടിച്ചുനിന്നു ഈ കുടുംബനാഥന്‍. അങ്ങനെ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മൂന്നുപേരടങ്ങുന്ന കുടുംബത്തെ സുരക്ഷിത സ്ഥാനങ്ങളിേലക്ക് മാറ്റി. പ്രദേശത്ത് ക്വാറി പ്രവര്‍ത്തിച്ചിരുന്നു അവിടുത്തെ തൊഴിലാളികളും സമീപത്തെ തോട്ടം തൊഴിലാളികളുടെയും കുടുംബങ്ങളാണ് പ്രദേശത്ത് താമസിച്ചിരുന്നത്. ഇത്തരത്തില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണ്. ഇൗ വീടുകളില്‍ എത്രപേര്‍ ഉണ്ടായിരുന്നുന്ന വിവരം കൃത്യമായി പറയാന്‍ കഴിയാത്തത് ആശങ്കയുടെ ആഴം കൂട്ടുകയാണ്.  

വടക്കന്‍ കേരളത്തെ പിടിച്ചുലച്ച് തോരാമഴയും ഉരുള്‍പൊട്ടലും തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടം ഉണ്ടായത്. താമരശേരിയിലും കക്കയത്തുമായി നാലിടത്ത് ഉരുള്‍പൊട്ടി. മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. കക്കാടംപൊയിലിലും ആനക്കാംപൊയിലിലും കൂടരഞ്ഞി കുളിരാമുട്ടിയിലിലും മണ്ണിടിച്ചിലുണ്ടായി നിരവധി പേരുടെ ജീവിതം ഭീതിയിലായി. വയനാട് വെള്ളമുണ്ട വാളാരംകുന്നിലും ഉരുള്‍പൊട്ടി.