രണ്ടായിരം രൂപയോ ജീവന്‍റെ വില..? അമ്മയുടെ കരച്ചില്‍; ഡോക്ടറുടെ മറുപടി: വിഡിയോ

‘കേവലം രണ്ടായിരം രൂപയ്ക്ക് വേണ്ടി നിങ്ങള്‍ ഇല്ലാതാക്കിയത് ഒരു ജീവനാണ് ഡോക്ടറേ... എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചുതരാന്‍ പറ്റുമോ...’ നെഞ്ചുപൊട്ടി ഒരമ്മ കരഞ്ഞുകൊണ്ട് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തില്‍  ഡോക്ടർക്കെതിരെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഞെക്കാട് സ്വദേശിയായ ശ്രീജയായിരുന്നു മരണമടഞ്ഞത്. ഇതിനെതുടര്‍ന്നാണ് ബന്ധുക്കൾ ഡോക്ടറുടെ കാർ തടഞ്ഞത്. 

സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്പ്പെടുത്തതാണു മരണകാരണമെന്നും 2000 രൂപയ്ക്കു വേണ്ടി ഡിസ്ചാർജ് മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനം ഡോക്ടര്‍ക്കെതിരെ ഉയര്‍ന്നതോടെ  വിശദീകരണവുനമായി ഡോക്ടര്‍ ബേബി ഷെറിൻ രംഗത്തെത്തി. ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. ദേവ് രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ നടന്ന സംഭവങ്ങൾ പറയുന്നത്. പോസ്റ്റിനൊപ്പം വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഡോക്ടറുടെ കുറിപ്പ് വായിക്കാം

പ്രിയമുള്ളവരെ, ഞാൻ ഡോ. ബേബി ഷെറിൻ. കഴിഞ്ഞ 48 മണിക്കൂർ സോഷ്യൽ മീഡിയയിൽ അനവധി പേരാൽ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാൽ വേദനയനുഭവിച്ച ഒരു സ്ത്രീ. എന്നെ കല്ലെറിഞ്ഞവരോടും വാക്കുകൾ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തിൽ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവർക്കും സർവ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തിൽ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും.  

ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ മകളായ ഞാൻ പൊതു വിദ്യാലയത്തിൽ പഠിച്ച് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും സർക്കാർ മെരിറ്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്. സാധാരണക്കാരിൽ സാധാരണക്കാരിയായ ഞാൻ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് വളർന്നതിനാൽ ഒരു ഡോക്ടർ എന്ന നിലയിൽ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികൾക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും.  

സോഷ്യൽ മീഡിയയിലെ മുഖ്യ ആരോപണം ഞാൻ 2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാർജ് ചെയ്യാൻ വൈകിച്ചു എന്നതാണ്. ആശുപത്രിയിലെ അക്കൗണ്ട്സുമായോ അഡ്മിനിസ്ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടർമാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരിൽ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതിൽ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാൻ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാർത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോകാൻ.