പിണറായിലെ ദുരൂഹമരണം; ഒന്‍പതുവയസുകാരിയുടെ മൃതദേഹം വിണ്ടും പോസ്റ്റ്മോർട്ടം നടത്തി

കണ്ണൂർ പിണറായിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാൻ ഒൻപതു വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.  നാലുമാസം മുൻപ് മരിച്ച പടന്നക്കര വണ്ണത്താംവീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഈ വീട്ടിലെ നാലുപേരാണ് സമാനസാഹചര്യത്തിൽ മരിച്ചത്. 

തലശേരി തഹസിൽദാരുടെ സാന്നിധ്യത്തിൽ പൊലീസ് സർജന്റെ മേൽനോട്ടത്തിലായിരുന്നു പോസ്റ്റ്മോർട്ടം. വീട്ടുവളപ്പിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് രാസപരിശോധനയ്ക്ക് ശരീരഭാഗങ്ങൾ ശേഖരിച്ചു. ജനുവരി ഇരുപത്തിയൊന്നിനാണ് ഐശ്വര്യ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഐശ്വര്യയുടെ അമ്മ സൗമ്യയെ ചർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം വേഗത്തിലായത്. കഴിഞ്ഞ മാസം ഏഴിന് സൗമ്യയുടെ അമ്മ കമലയും ഈമാസം പതിമൂന്നിന് അച്ഛൻ കുഞ്ഞിക്കണ്ണനും ചർദിയെത്തുടർന്ന് മരിച്ചിരുന്നു. ആറുവർഷം മുൻപ് സൗമ്യയുടെ ഒന്നരവയസുള്ള മകൾ കീർത്തന മരിച്ചതും സമാനമായ സാഹചര്യത്തിലായിരുന്നു. 

കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും അടുത്ത ദിവസം ലഭിക്കും. പ്രദേശത്തെ കിണറുകൾ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.