മദ്യനയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷവും മതനേതാക്കളും

മദ്യനയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷവും മതനേതാക്കളും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കത്തോലിക്കസഭ. മദ്യശാലകളെല്ലാം തുറക്കുന്നത് ബാറുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 

മദ്യനയത്തിന്റെ പേരില്‍ ജനങ്ങളെ തെരുവിലിറക്കരുതെന്ന് കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം അഭിപ്രായപ്പെട്ടു. മദ്യനയം തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പുകളില്‍  പ്രത്യാഘാതം നേരിടേണ്ടിവരും. സര്‍ക്കാര്‍ തീരുമാനം മറ്റൊരു ഓഖി ദുരന്തമാകുമെന്ന് താമരശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പുനല്‍കി. 

എന്നാല്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് കെസിബിസിയുടെ നിലപാടെന്ന് മന്ത്രിമാരായ ടിപി രാമകൃഷ്ണനും എ.കെ.ബാലനും പ്രതികരിച്ചു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതിയും ജനങ്ങളെ വഞ്ചിച്ചെന്ന് വിഎം സുധീരന്‍ കുറ്റപ്പെടുത്തി. 

മതനേതാക്കളുടെ രാഷ്ട്രീയപ്രസ്താവനകള്‍ സമൂഹത്തില്‍ ചലനമുണ്ടാക്കില്ലെന്ന് എസ്. എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . ബിജെപി സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം .