ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം രണ്ടാം ദിവസം

മധ്യകേരളത്തിലും മലബാറിലും ജനങ്ങളെ വലച്ച്  സ്വകാര്യ ബസ് സമരം രണ്ടാം ദിവസം . കൊല്ലത്ത് സര്‍വീസ് നടത്തിയ സ്വകാര്യബസ് കല്ലെറിഞ്ഞുതകര്‍ത്തു. മധ്യകേരളത്തില്‍  KSRTC ബസ് സർവീസുകളും സമാന്തര സർവീസുകളും ജനങ്ങൾക്ക് ആശ്വാസമായി.  ബസ് ഉടമകളുമായി  ഗതാഗതമന്ത്രി നാളെ വൈകിട്ട് നാലുമണിക്ക് ചര്‍ച്ച നടത്തും

ആലപ്പുഴ, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ സ്വകാര്യ ബസ് സമരം സാധാരണക്കാരെ ബാധിച്ചു. ഉൾനാടുകളിലേക്കും മലയോര മേഖലകളിലേക്കും കൂടുതൽ സർവീസ് നടത്തി പ്രശ്നം പരിഹരിക്കാൻ KSRTC ശ്രമിക്കുന്നുണ്ടെങ്കിലും യാത്രാക്ലേശം പൂര്‍ണമായി പരിഹരിക്കാനായില്ല.  കൊച്ചിയില്‍ മെട്രോ സർവീസ് ജനങ്ങൾക്ക് ആശ്വാസമായി. ഓട്ടോറിക്ഷകളും ഓൺലൈൻ ടാക്സികളും  നിരത്തുകളിലുണ്ട്. ഐടി, ബാങ്കിങ്ങ്  സ്ഥാപനങ്ങൾ ജീവനക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കി.

കോഴിക്കോട്  കെ.എസ്.ആര്‍.ടി.സിയും സമാന്തര സര്‍വീസുകളും ജനങ്ങള്‍ക്ക് സഹായകമായി. കണ്ണൂരിലെ മലയോരമേഖലകളില്‍  ഒാട്ടോറിക്ഷകളെയും ജീപ്പുകളെയുമാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്.  മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തുന്നുണ്ട്. പാലക്കാട ജില്ലയിലെ വിവിധ  പ്രദേശങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി  40 അധിക സര്‍വീസുകള്‍ അനുവദിച്ചു. കാസര്‍കോട് ജില്ലയിലെ മലയോരപ്രദേശങ്ങളെ സമരം സാരമായി ബാധിച്ചു. വയനാട്ടിലെ ആദിവാസി ഗ്രാമീണ മേഖലയെയും ബസ് സമരം വലച്ചു. അതിനിടെ കൊല്ലത്ത് സര്‍വീസ് നടത്തിയ സ്വകാര്യബസ് കല്ലെറിഞ്ഞുതകര്‍ത്തു. സഹകരണസംഘത്തിന്റെ ബസാണ് മുഖംമൂടി ധരിച്ചെത്തിയവര്‍ ആക്രമിച്ചത്.

പത്തനംതിട്ടയില്‍  മലയോരമേഖലയിലെ  യാത്രാക്ലേശം പരിഹരിക്കാന്‍ കെ.എസ്. ആര്‍.ടി.അധികസര്‍വീസ് നടത്തുന്നുണ്ട്.