എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ സുപ്രീം കോടതിയിലേക്ക്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ സുപ്രീം കോടതിയിലേക്ക്. ദുരിതബാധിതര്‍ക്ക് മനുഷ്യവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാത്തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്ന ഹര്‍ജിയില്‍ അമ്മമാര്‍ കക്ഷി ചേരും. ഇരകള്‍ക്ക് ഇതുവരെ നല്‍കിയ നഷ്ടപരിഹാരം എത്രയെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്. മൂന്നുമാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ സുപ്രീം കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ഇതുവരെ ദുരിതബാധിതപ്പട്ടികയിലെ 1350 പേര്‍ക്ക് മാത്രമാണ് അ‍ഞ്ചു ലക്ഷം രൂപ നല്‍കിയത്. അതും മൂന്നു ഗഡുക്കളായി. 1315 പേര്‍ക്ക് മൂന്നുലക്ഷം രൂപയും നല്‍കി. നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചുള്ള കോടതി വിധിയില്‍ അവ്യക്തയുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. നിലവില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ നാല് കുട്ടികളുടെ മാതാപിതാക്കളാണ് സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യം ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ നടപടിയുണ്ടായ സാഹചര്യത്തിലാണ് കൂടുതല്‍ അമ്മമാര്‍ കക്ഷി ചേരുന്നത്. 

എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായുള്ള ജില്ലാതല സെല്‍ യോഗത്തില്‍ നഷ്ടപരിഹാരം സംബന്ധിച്ച ചര്‍ച്ചകള്‍ പലകുറി ഉയര്‍ന്നുവന്നെങ്കിലും ഫലമുണ്ടായില്ല. അതേസമയം നഷ്ടപരിഹാര തുകയുടെ വിതരണത്തെക്കുറിച്ച് വ്യക്തത വരുത്താന്‍ സര്‍ക്കാരിനോടവശ്യപ്പെട്ട കോടതി നടപടിയെ സമരസമിതി സ്വാഗതം ചെയ്തു. കോടതിയെ സമീപിക്കുന്നതിനൊപ്പം സമരപരിപാടികളും ശക്തമാക്കാനാണ് സമരരംഗത്തുള്ള ജനകീയ പീഡിത മുന്നണിയുടെ തീരുമാനം. അടുത്തമാസം നിയമസഭയ്ക്ക് മുന്നില്‍ മുഴുവന്‍ ദുരിതബാധിതരും അവരുടെ കുടുംബാംഗങ്ങളും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.