ത്രിപുര സംഘർഷം; കുത്തിയിരുന്ന് പ്രതിഷേധിച്ച് എംപിമാർ; ഒടുവില്‍ ഇടപെടാമെന്ന് അമിത്ഷാ

ത്രിപുരയിലെ സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനൊടുവിലാണ് അമിത് ഷായെ കാണാന്‍ എംപിമാര്‍ക്ക് അനുമതി ലഭിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയിലെത്തി. 

ത്രിപുരയില്‍ വ്യാഴാഴ്ച്ച തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാര്‍ ഒത്താശയോടെ വ്യാപകസംഘര്‍ഷം അരങ്ങേറുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. ടിഎംസി യുവജന വിഭാഗം നേതാവ് സായോനി ഘോഷിനെ ഞായറാഴ്ച്ച ത്രിപുരയില്‍ അറസ്റ്റുചെയ്തിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ഇന്ന് എത്തുന്നതിന് മുന്‍പ് അഗര്‍ത്തല വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത് ആശങ്ക പടര്‍ത്തുകയും ചെയ്തു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് അമിത് ഷായെ കാണാന്‍ അനുമതി തേടിയെങ്കിലും നിരസിച്ചതിനെത്തുടര്‍ന്നാണ് എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് അവസരം ഒരുക്കാമെന്ന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചെങ്കിലും എംപിമാര്‍ വഴങ്ങിയില്ല. കൃത്യമായ അറിയിപ്പ് ലഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ച് എംപിമാര്‍ അമിത് ഷായെ കണ്ടു. 

മമത ബാനര്‍ജി പ്രധാനമന്ത്രിയെയും പ്രതിപക്ഷ നേതാക്കളെയും കാണും. ബിഎസ്എഫിന്‍റെ അധികാരപരിധി കൂട്ടിയതും ത്രിപുര സംഘര്‍ഷവും ബംഗാളിനുള്ള സാമ്പത്തിക വിഹിതവും മമത മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഉന്നയിക്കും.