അക്കൗണ്ടിൽ അബദ്ധത്തിൽ എത്തിയത് 52 കോടി; കുറച്ചെങ്കിലും തരുമോ എന്ന് കർഷകൻ

വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ എത്തുന്നത് ബിഹാറിൽ ഇപ്പോൾ പതിവായിരിക്കുകയാണ്. മുസാഫര്‍പൂർ ജില്ലയിലെ സിങ്കാറി എന്ന സ്ഥലത്തെ റാം ബഹദൂർ ഷാ എന്നയാളുടേതാണ് പുതിയ സംഭവം. കർഷകനായ ഷായുടെ അക്കൗണ്ടിലേക്ക് എത്തിയത് 52 കോടി രൂപയാണ്. തനമ്റെ വാർധക്യ കാല പെൻഷൻ അക്കൗണ്ടിലെത്തിയോ എന്നറിയാൻ ബാങ്കിലെത്തിയപ്പോഴാണ് ഷാ ഇക്കാര്യം അറിയുന്നത്.

സിഎസ്പി ബാങ്കിലെ അക്കൗണ്ടാണ് ഷായ്ക്കുള്ളത്. ബാങ്ക് ഉദ്യോഗസ്ഥൻ ഷായുടെ അക്കൗണ്ടിൽ കയറി നോക്കിയപ്പോഴാണ് അമ്പരന്നത്. ബാലൻസായി 52 കോടിയോളം രൂപ. സംഭവം വാർത്തയായി. നാട്ടുകാർ മുഴുവൻ അറിഞ്ഞു. എന്നാൽ തന്റെ അക്കൗണ്ടിലെ തുകയുടെ കുറച്ചെങ്കിലും തനിക്ക് നൽകണമെന്നാണ് ഷാ പറയുന്നത്.

'ഞങ്ങൾ കൃഷിയെടുത്ത് ജീവിക്കുന്ന പാവം ഗ്രാമവാസികളാണ്. കുറച്ച് പണം എനിക്ക് തരണമെന്നാണ് ഞാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഇനിയുള്ള കാലം എനിക്ക് കഷ്ടപ്പെടാതെ ജീവിക്കാമല്ലോ'..ഷായുടെ വാക്കുകൾ. 

'അച്ഛന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതോടെ ഞങ്ങള്‌ ചില പ്രശ്നങ്ങൾ നേരിടുകയാണഅ. ഞങ്ങൾ കർഷകരാണ്, സർക്കാരിന്റെ സഹായം വേണം. എങ്ങനെയാണ് അച്ഛന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്ന് അറിയില്ല, പക്ഷേ എത്തിയ പണത്തിന്റെ പലിശ അച്ഛന് നൽകണം. ഞങ്ങളുടെ തെറ്റല്ല, ബാങ്കിന്റെ തെറ്റാണ്'. ഷായുടെ മകൻ സുജിത് പറയുന്നു.

എന്നാൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.' ഉയർന്ന ഉദ്യോഗസ്ഥരം വിവരം അറിയിച്ചിട്ടുണ്ട്. ബാങ്കിനോട് എന്താണ് സംഭവിച്ചതെന്ന് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്' . കത്ര എസ്ഐ മനോജ് പാണ്ഡെ പറഞ്ഞു.