‘കശ്മീരെന്ന രാജ്യത്തെ ജനങ്ങളെ എന്ത് വിളിക്കും?’; വിവാദമായി ചോദ്യപേപ്പര്‍

കശ്മീരിനെ ഒരു രാജ്യമാക്കി ബിഹാറിലെ ചോദ്യ പേപ്പര്‍. നാല് രാജ്യങ്ങളിലെ ജനങ്ങളെ എന്തുവിളിക്കുമെന്നാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ചോദ്യം. നേപ്പാൾ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവക്കൊപ്പം കശ്മീരിന്റെ പേരുകൂടി രാജ്യമായി ചേർത്തതിലാണ് അമ്പരപ്പ്. മാതൃകയാക്കി ചൈനയിലെ ജനങ്ങളെ എന്തുവിളിക്കുമെന്ന് ചൈനീസ് എന്ന് ഉത്തരവും കാണിച്ചിട്ടുണ്ട്.

താഴെ പറയുന്ന രാജ്യങ്ങളുടെ ആളുക​ളെ എന്തുപേരാണ് വിളിക്കുക എന്ന ചോദ്യത്തിനു താഴെയാണ് മറ്റ് രാജ്യങ്ങളുടെ കൂട്ടത്തിൽ കശ്മീരിന്റെ പേര് നൽകിയത്. 'ദ പീപ്ൾ ഓഫ് കശ്മീർ ആർ കോൾഡ്...?' എന്നായിരുന്നു ചോദ്യം. അരാരിയ, കിഷൻഗഞ്ച്, കതിഹാർ ജില്ലകളിലെ വിദ്യാർഥികളോടാണ് ഈ ചോദ്യം ചോദിച്ചത്.

സംഭവം വിവാദമായതോടെ സ്കൂളിലെ പ്രധാനാധ്യാപകന്‍ വിശദീകരണവുമായി രംഗത്തെത്തി. 'ബിഹാര്‍ വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നാണ് ഈ പേപ്പര്‍ ലഭിച്ചത്. കശ്മീരിലെ ജനങ്ങളെ എന്താണ് വിളിക്കുന്നത് എന്ന ചോദ്യത്തിന് പകരം കശ്മീര്‍ എന്ന രാജ്യത്തെ ജനങ്ങളെ എന്താണ് വിളിക്കുന്നത് എന്നായിപ്പോയി. മാനുഷികമായി സംഭവിച്ച പിഴവാണ്'. പ്രധാന അധ്യാപകന്‍ എസ്.കെ.ദാസ് വ്യക്തമാക്കി. 

ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുഭാഷ് കുമാർ ഗുപ്ത മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.