പ്രേമലേഖനമെന്ന് തെറ്റിദ്ധരിച്ചു; പന്ത്രണ്ടുകാരനെ വെട്ടിയരിഞ്ഞ് പെൺകുട്ടിയുടെ സഹോദരന്മാർ

മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ റെയ്ൽവേ ട്രാക്കിനു സമീപം തടിച്ചുകൂടിയവർ (ചിത്രം: എൻഡിടിവി)

ബിഹാറിലെ ഭോജ്പൂരിൽ പന്ത്രണ്ട് വയസ്സുകാരനെ അതിക്രൂരമായി വെട്ടിനുറുക്കി കൊന്നു. ഒരു പേപ്പർ കഷണത്തിന്റെ പേരിലുണ്ടായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട ആൺകുട്ടിയുടെ സഹോദരിയെ പരീക്ഷയിൽ സഹായിക്കുന്നതിനായി ഒരു പേപ്പർ കഷണം എറിഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പരീക്ഷാ ഹാളിലേക്ക് എറിഞ്ഞ തുണ്ട് പേപ്പർ ചെന്നുവീണത് മറ്റൊരു പെൺകുട്ടിയുടെ ദേഹത്തായിരുന്നു

പേപ്പർ കഷണം പ്രേമലേഖനമാണെന്ന് പെൺകുട്ടി തെറ്റിദ്ധരിച്ചു. ഇക്കാര്യം തന്റെ സഹോദരങ്ങളോട് പെൺകുട്ടി പറഞ്ഞു. ഇതറിഞ്ഞെത്തിയ പെൺകുട്ടിയുടെ സഹോദരങ്ങളും ഇവരുടെ സുഹൃത്തുക്കളുമാണ് അഞ്ചാംക്ലാസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരി സ്കൂളിൽ നടന്ന കാര്യങ്ങൾ മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രാഥമിക ഘട്ടത്തിൽ കുട്ടിയെ കണ്ടെത്താനായില്ല.

കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. ഇതിനുശേഷം ഈ തിങ്കളാഴ്ച ഒരു ഗ്രാമവാസിയാണ് പ്രാദേശിക അമ്പലത്തിനു സമീപം അറ്റനിലയിൽ ഒരു കൈ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റെയ്ൽവേ ട്രാക്കിനു സമീപത്തു നിന്നാണ് ആൺകുട്ടിയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളായവർക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഇവരെ ജുവനൈൽ ഹോമിലേക്ക് അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.