'മുസ്​ലിംകൾ ലക്ഷ്മി ദേവിയെ ആരാധിക്കുന്നില്ല; എന്നിട്ടും അവർ ധനികരല്ലേ'? ബിജെപി എം.എൽ.എ

പ്രസംഗത്തിനിടെ പുലിവാല് പിടിച്ച് ബിഹാറിൽ നിന്നുള്ള ബിജെപി എംഎൽഎ ലാലൻ പസ്വാൻ. ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്. ധനവും ഐശ്വര്യവുമുണ്ടാവാൻ ലക്ഷ്മീ ദേവിയെ ആരാധിക്കണമെന്നാണല്ലോ. മുസ്​ലിംകൾ സാധാരണയായി ലക്ഷ്മിദേവിയെ ആരാധിക്കാറില്ല. അവരെന്താ ധനികരല്ലേ? അവർ സരസ്വതി ദേവിയെ ആരാധിക്കാറില്ല, അവർക്കിടയിൽ നിന്ന് പണ്ഡിതർ ഉണ്ടാകുന്നില്ലേ? അവർ ഐഎഎസോ, ഐപിഎസോ ആവാതെ ഇരിക്കുന്നുണ്ടോ? എന്നായിരുന്നു പരാമർശം. 

ആത്മ, പരമാത്മ തുടങ്ങിയവ ജനങ്ങളുടെ വിശ്വാസം മാത്രമമാണെന്നും പ്രസംഗത്തിൽ പസ്വാൻ പറഞ്ഞു. ബജ്റംഗബലിയാണ് കരുത്തിന്റെ ദൈവമെന്നാണല്ലോ വിശ്വാസം, മുസ്​ലിംകളോ, ക്രിസ്ത്യാനികളോ ഇത് വിശ്വസിക്കുന്നില്ല. അവരെന്താ കരുത്തരല്ലേ?  വിശ്വാസങ്ങൾ നിർത്തുമ്പോഴേ ജനങ്ങളുടെ ബൗദ്ധിക നിലവാരം വികസിക്കുകയുള്ളൂവെന്നും എംഎൽഎ കൂട്ടിച്ചേർത്തു. 

എംഎൽഎയുടെ പരാമർശങ്ങൾ ഹിന്ദുവിശ്വാസികളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ബിഹാറിൽ നടന്നു. ഭഗൽപൂരിൽ പസ്വാന്റെ കോലം കത്തിച്ചു. 

BJP MLA Lalan Paswan sparks row over hindu beliefs