രാജ്യം ദീപാവലിയുടെ നിറശോഭയില്‍; അയോധ്യയില്‍ തെളിഞ്ഞത് 22 ലക്ഷത്തിലധികം മണ്‍ചെരാതുകള്‍

രാജ്യം ദീപാവലിയുടെ നിറശോഭയില്‍. ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. നരേന്ദ്രമോദി ഹിമാചലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. ദീപാവലിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ഉത്തരേന്ത്യ. ദീപാവലിയോടനുബന്ധിച്ച് 22 ലക്ഷത്തിലധികം മണ്‍ചെരാതുകള്‍ തെളിയിച്ച് ലോക റെക്കോര്‍ഡിട്ട അയോധ്യ. കണ്ണെഞ്ചിപ്പിക്കുന്ന വെടിക്കെട്ടും ഒപ്പം.

ഡല്‍ഹിയിലും ദീപാവലി ആഘോഷം പൊടിപൊടിക്കുകയാണ്. ദീപങ്ങളും അലങ്കാര വസ്തുക്കളും കൊണ്ട് വീടുകളും കെട്ടിടങ്ങളും പൊതുസ്ഥലങ്ങളും അലങ്കരിച്ചിരിക്കുന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും. മധുരപലഹാര വിപണികളില്‍ ദീപാവലി ദിനത്തിലും സജീവമാണ്. ഹരിത പടക്കങ്ങള്‍ എന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഡല്‍ഹിയില്‍ ഇന്നലെ രാത്രി മുഴുവന്‍ എല്ലാ വിഭാഗത്തിലുമുള്ള പടക്കങ്ങള്‍ വ്യാപകമായി പൊട്ടിച്ചു. ഇന്നുരാത്രിയും ആഘോഷം തുടരും. 

പതിവുപോലെ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ഹിമാചല്‍ അതിര്‍ത്തിയിലെ ലെപ്ചയില്‍ മോദിയെത്തി. ദീപങ്ങളുടെ ഉല്‍സവ കാലത്ത് എല്ലാവര്‍ക്കും സമൃദ്ധിയുണ്ടാകട്ടെ എന്ന് രാഷ്ട്രപതിയും ജീവിതത്തില്‍ സന്തോഷവും ആരോഗ്യവുമുണ്ടാകട്ടെ എന്ന് പ്രധാനമന്ത്രിയും ദീപാവലി ആശംസകള്‍ നേര്‍ന്നു. ഹിന്ദുസമൂഹത്തിന് ദീപാവലി ആശംസിച്ച് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംമഫോസയും.