പടക്കമില്ലാതെന്ത് ദീപാവലി; നിയന്ത്രണം പാലിച്ച് ചെന്നൈയിലെ ആഘോഷം

ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ ഇക്കുറി കടുത്ത നിയന്ത്രണമാണുള്ളത്. രാജ്യത്തെ 70 ശതമാനം പടക്കങ്ങളും നിർമിക്കുന്ന തമിഴ്നാട്ടിലും കടുത്ത നിയന്ത്രണമാണ്. എങ്കിലും ഈ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷമാക്കുകയാണ് ചെന്നൈ സ്വദേശികൾ. 

പടക്ക വില്പനയ്ക്കും  തമിഴ്നാട്ടിൽ കടുത്ത നിയന്ത്രണമാണുള്ളത്. ചെന്നൈ നഗരത്തിൽ കൃത്യമായി സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയ ഐലൻഡ് ഗ്രൗണ്ടിലാണ് പ്രധാനമായും വില്പനയുള്ളത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിവിധ തരത്തിലുള്ള പടക്കങ്ങൾ ഉൾക്കൊള്ളുന്ന ഗിഫ്റ്റ് പാക്കുകൾക്കാണ്  ഈ തവണ കൂടുതൽ ആവശ്യക്കാർ.

നിർമ്മാണത്തിൽ പരിസ്ഥിതി സൗഹാർദ്ദ രാസവസ്തുക്കൾ ഉപയോഗിക്കണമെന്ന സുപ്രീംകോടതി ഉത്തരവുള്ളതിനാൽ  നിർമ്മാണ ചിലവ് വർദ്ധിച്ചിട്ടുണ്ട്. ആനുപാതികമായി പടക്കങ്ങളുടെയും വില വർധിച്ചു. മുൻവർഷത്തെതിനേക്കാൾ 25 ശതമാനം കുറവാണ് ഈ വർഷത്തെ വില്പന.

രാവിലെ 6 മുതൽ 7 വരെയും, രാത്രി 7 മുതൽ 8 വരെയുമാണ് തമിഴ്നാട്ടിൽ പടക്കം പൊട്ടിക്കാൻ അനുമതി. ദീപാവലി ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് പടക്കങ്ങൾ. അതിനാൽ തന്നെ നിയന്ത്രണങ്ങൾക്ക് ഉള്ളിൽ നിന്ന് ആഘോഷങ്ങൾ ഗംഭീരമാക്കുകയാണ് ചെന്നൈ സ്വദേശികൾ. 

Diwali celebration in Chennai