സ്കൂളുകളില്‍ ലഭിച്ച ബോംബ് ഭീഷണി: ചൈനീസ് ഐഎസ്ഐ ബന്ധം തിരഞ്ഞ് പൊലീസ്

bomb-threat
SHARE

ഡൽഹിയിലെ സ്‌കൂളുകളിൽ ഇന്നലെ  ലഭിച്ച ബോംബ് ഭീഷണി സന്ദേശത്തിൽ ഭീകരബന്ധവും ചൈനീസ്– ഐഎസ്ഐ പങ്കും തിരഞ്ഞ് പൊലീസ്. ഇ–മെയില്‍ സന്ദേശത്തിന്‍റെ ഉറവിടത്തിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഭീഷണിയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

ഇന്നലെ പുലര്‍ച്ചെ നാലുമണി മുതല്‍ ഒന്‍പത് മണിവരെ ഡല്‍ഹിയിലെ ഇരുന്നൂറോളം സ്‌കൂളുകളില്‍ ലഭിച്ച ബോംബ് ഭീഷണി സന്ദേശമയച്ചത് റഷ്യന്‍ ഐപി അഡ്രസില്‍നിന്നാണ്. എന്നാല്‍ ഡാര്‍ക് വെബ് ഉപയോഗിച്ചുവെന്ന് വ്യക്തമായതിനാല്‍ ലോകത്തിന്‍റെ ഏത് ഭാഗത്താണ് ഇ മെയില്‍ അയച്ച വ്യക്തിയുള്ളത് എന്ന് കണ്ടെത്തുക വെല്ലുവിളിയാകും. തിരഞ്ഞെടുപ്പ് കാലത്ത് പരിഭ്രാന്തി പടര്‍ത്താനുള്ള നീക്കമായാണ് ബോംബ് ഭീഷണി സന്ദേശത്തെ കാണുന്നത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉടനുണ്ടാകുമെന്ന് ഡല്‍ഹി പൊലീസ്.

ക്രിമിനൽ ഗൂഢാലോചനയും ഭീഷണിപ്പെടുത്തലുമടക്കം കുറ്റം ചുമത്തിയാണ് തിരിച്ചറിയാത്ത ആളുകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്‌പെഷൽ സെല്ലിനാണ് അന്വേഷണച്ചുമതല. സ്കൂളുകൾ അവരുടെ ഔദ്യോഗിക വിലാസത്തിൽ ലഭിക്കുന്ന ഇ മെയിലുകൾ സമയബന്ധിതമായി നിരീക്ഷിക്കണമെന്ന് ഡൽഹി സർക്കാർ മാർഗനിർദേശം പുറത്തിറക്കി. ഭീഷണി സന്ദേശത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷകൂട്ടി.

MORE IN INDIA
SHOW MORE