അർണബ് ഗോസ്വാമി ‘ചാറ്റ്’ വിവാദത്തിൽ; സ്ക്രീൻ ഷോട്ട് പങ്കുവെച്ച് പ്രമുഖർ

 തട്ടിപ്പിലൂടെ ചാനൽ റേറ്റിങ് കൂട്ടാൻ റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമി ശ്രമിച്ചെന്ന തരത്തിലുള്ള വാട്സാപ് ചാറ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ട്വിറ്ററിൽ പങ്കുവച്ചു. അതേസമയം, ചാറ്റുകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. 

റേറ്റിങ് നിശ്ചയിക്കുന്ന ബ്രോഡ്കാസ്റ്റിങ് ഓഡിയൻസ് റിസർച് കൗൺസിലിന്റെ (ബാർക്) മുൻ സിഇഇ പാർഥോ ദാസുമായി നടത്തിയതായി പറയുന്ന ചാറ്റിൽ പ്രധാനമന്ത്രിയുടെ ഓഫിസിലും കേന്ദ്രത്തിലുമുള്ള അർണബിന്റെ ബന്ധവും അധികാര ദല്ലാളായി നടത്തിയ ഇടപെടലുകളും സൂചിപ്പിക്കുന്നു. പുറത്തായ ചാറ്റുകൾ 500 പേജ് വരുമെന്നാണു റിപ്പോർട്ടുകൾ. റേറ്റിങ് തട്ടിപ്പു കേസിൽ പാർഥോ ദാസ് ജയിലിലാണ്. 

സെറ്റ് ടോപ് ബോക്സുകളിൽ പ്രത്യേക സോഫ്റ്റ്‍വെയർ സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുളള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് ദാസ് അർണബിനോട് അഭ്യർഥിക്കുന്നന്നതും ചാറ്റിൽ ഉണ്ട്. ട്രായ് പദ്ധതി നടപ്പായാൽ റിപ്പബ്ലിക് ചാനലിനും ബിജെപിക്കും തിരിച്ചടിയാകുമെന്നും പറയുന്നു. എല്ലാ മന്ത്രാലയങ്ങളും തങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശവും പ്രചരിക്കുന്നതിൽ ഉൾപ്പെടും.