ചൈനയെ ചുറ്റിക്കാൻ ത്രിശൂലവും വജ്രയും; വീണ്ടും കുരുക്ഷേത്രം?

മുള്ളിനെ മുള്ളുകൊണ്ടെടുക്കണം, അമ്പിനെ അമ്പുകൊണ്ടു കോർക്കണം, അപ്പോൾ ചൈനയെ ചൈനീസ് രീതിയിൽ തന്നെ നേരിടാതെ തരമില്ല. ഇതാണ് ഗാൽവാൻ ആക്രമണം ഇന്ത്യയെ പഠിപ്പിച്ച പാഠം. ഗാൽവാനിൽ അന്ന് ചൈന അഴിഞ്ഞാടിയപ്പോൾ വീരചരമം പ്രാപിച്ചത് നമ്മുടെ 20 സൈനികരാണ്. ചൈനയുടെ സൈനികർക്കും ജീവൻ നഷ്ടമായി. വടികളും വൈദ്യുതി പ്രവഹിക്കുന്ന ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സേനയെ നേരിട്ടത്. ഈ ആയുധങ്ങൾക്കുള്ള ബദൽ ഒരുക്കാനാണ് ഇന്ത്യയുടെ നീക്കമെന്നാണ് റിപ്പോർട്ട്. അതിർത്തിയിൽ തോക്കും വെടിക്കോപ്പുകളും പാടില്ലെന്ന് ഇരുരാജ്യങ്ങളും തമ്മിൽ കരാറുള്ളതുകൊണ്ടാണ് പുതിയ വഴി തേടുന്നത്.

അന്നത്തേപ്പോലെ ചൈന ഇനി വൈദ്യുതിവടിയും കുന്തവുമായി വന്നാൽ നിൽക്കക്കള്ളിയുണ്ടാകില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാഹചര്യങ്ങൾ ഒത്തുവന്നാൽ ആയുധനയത്തിൽ വൻ മാറ്റമുണ്ടാകും. പുണ്യപുരാണചിത്രങ്ങളിൽ കണ്ടിട്ടുള്ള ത്രിശൂലത്തിന്റെ മോസ്റ്റ് മോഡേൺ പതിപ്പടക്കം ഇന്ത്യൻ സേനയുടെ ആവനാഴിയിലെത്തും. ഇത്തരം ആയുധങ്ങൾ ഇന്ത്യൻ സേനയ്ക്ക് നിർമിച്ചു നൽകാൻ ഉത്തർപ്രദേശിലെ അപാസ്റ്റെറോൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സന്നദ്ധരായി. ഇവർ വികസിപ്പിച്ച ആയുധങ്ങളും കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചു. സുരക്ഷാസേനയുടെ ആവശ്യപ്രകാരമാണ് തയ്യാറാക്കിയതെന്ന് കമ്പനി സിടിഒ അവകാശപ്പെട്ടു. പുരാണ ചിത്രങ്ങളിൽ മാത്രം കണ്ടുപരിചയമുള്ള ശസ്ത്രങ്ങളുടെ പുതുവേർഷൻ സേന സ്വീകരിച്ചേക്കുമെന്നാണ് വിവരം.