ഋഷി സുനകിന്റെ പ്രധാനമന്ത്രി പദം; ഇന്ത്യയിലും രാഷ്ട്രീയപ്പോര്

ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലേയ്ക്ക് ഋഷി സുനക് എത്തുന്നതിന്‍റെ പേരില്‍ ഇന്ത്യയിലും രാഷ്ട്രീയപ്പോര് സജീവമാകുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിക്ക് ഇന്ത്യയില്‍ ഉന്നത നേതൃപദവിയില്‍ എത്താന്‍ സാധിക്കുമോ എന്ന് ബിജെപിയെ ഉന്നമിട്ട് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷപ്പാര്‍ട്ടികള്‍ ചോദിക്കുന്നു. എപിജെ അബ്ദുല്‍ കലാമിന്‍റെയും മന്‍മോഹന്‍ സിങ്ങിന്‍റെയും ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ മറുപടി.

ഇന്ത്യന്‍ പാരമ്പര്യവും വിശ്വാസവും മുറുകെ പിടിക്കുന്ന ഋഷി സുനകിനെ ബ്രിട്ടനെ നയിക്കാന്‍ തിരഞ്ഞെടുത്തത് ഇന്ത്യയില്‍ ന്യൂനപക്ഷ –ഭൂരിപക്ഷ രാഷ്ട്രീയത്തിന്‍റെ പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തിയെ കരുത്തുറ്റപദവിയിലേയ്ക്ക് എത്തിച്ച് ബ്രിട്ടന്‍ അത്യപൂര്‍വമായി ഒരു കാര്യം ചെയ്തുവെന്നും ഇന്ത്യയില്‍ ഇത് സാധ്യമാണോയെന്നും ശശി തരൂര്‍ എംപി ചോദിച്ചു. യുഎസില്‍ കമല ഹാരിസും ബ്രിട്ടനില്‍ ഋഷി സുനകും തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയ്ക്കും ഭൂരിപക്ഷ രാഷ്ട്രീയം മാത്രം പ്രയോഗിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പാഠമാണെന്ന് ബിജെപിയെ ഉന്നമിട്ട് മുന്‍കേന്ദ്രമന്ത്രി പി ചിദംബരം പ്രതികരിച്ചു. ന്യൂനപക്ഷവിഭാഗത്തിലെ നേതാവിനെ ബ്രിട്ടന്‍ തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയില്‍ സിഎഎയും എന്‍ആര്‍സിയും കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അഭിപ്രായപ്പെട്ടു. ഋഷി സുനകിനെ പ്രശംസിക്കുന്നതിന് പകരം ഇന്ത്യയിലെ ചില നേതാക്കള്‍ രാഷ്ട്രീയ വിവാദമുണ്ടാക്കുന്നത് 

ദൗര്‍ഭാഗ്യമാണെന്ന് ബിജെപി പ്രതികരിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള എപിജെ അബ്ദുല്‍ കലാം രാഷ്ട്രപതിയായതും മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായതും ബിജെപി ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരില്‍ ന്യൂനപക്ഷമായ ഒരാള്‍ മുഖ്യമന്ത്രിയായാല്‍ മെഹ്ബൂബ മുഫ്തി അംഗീകരിക്കുമോയെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. രാജ്യാന്തര വിഷയങ്ങളില്‍ കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കാമെന്ന് യുകെയിലെ ഇന്ത്യക്കാരുമായി ബന്ധിപ്പിക്കുന്ന പാലമെന്ന് ഋഷിയെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് ജനതയ്ക്കായി മികച്ച സംഭാവന ഋഷി നല്‍കുമെന്ന് ഉറപ്പുണ്ടെന്നും സ്ഥാനലബ്ധിയില്‍ അഭിമാനമുണ്ടെന്നും ഭാര്യപിതാവും ഇന്‍ഫോസിസ് സ്ഥാപകനുമായ നാരായണ മൂര്‍ത്തി പ്രതികരിച്ചു.