കറന്‍സിയില്‍ ഗണപതിയും ലക്ഷ്മിയും വേണം; ആവശ്യവുമായി കേജ്‌രിവാൾ

ഇന്ത്യൻ കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങൾ വേണമെന്ന ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. രാജ്യം അഭിവൃദ്ധിപ്പെടാന്‍ ഗാന്ധിജിയുടെ രൂപത്തിനൊപ്പം ഗണപതിയുടെയും ലക്ഷ്മിദേവിയുടെയും രൂപം വേണമെന്നാണ് ആവശ്യം. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ള പരാമര്‍ശമെന്ന് ബിജെപി പ്രതികരിച്ചു. പുതിയ കറന്‍സി അച്ചടിക്കുമ്പോള്‍ ഒരു വശത്ത് ഗാന്ധിജിയുടെയും മറുവശത്ത്  ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും രൂപങ്ങള്‍ വയ്ക്കാം. പറയുന്നത് ഡല്‍ഹി മുഖ്യമന്ത്രിയും എഎപിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാൾ. ഹിന്ദു ദൈവങ്ങളുടെ രൂപങ്ങള്‍ വയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഇതൊക്കെയാണെന്ന് കേജ്‌രിവാള്‍ പറയുന്നു. രാജ്യം അഭിവൃദ്ധിപ്പെടും. രാജ്യത്തെ മുന്‍പോട്ട് നയിക്കാന്‍ നമ്മുടെ ശ്രമങ്ങള്‍ മാത്രം പോരാ, സര്‍വേശ്വരന്‍റെ അനുഗ്രഹം കൂടി വേണം. നിലവില്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേരിടുന്നത് തകര്‍ച്ച.  മുസ്‌ലിം രാജ്യമായ ഇന്തൊനീഷ്യ അവരുടെ 20,000 റുപ്പയ്യയിൽ ഗണപതിയുടെ രൂപം പതിപ്പിച്ചതും കേജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ഉടന്‍ കത്തുനല്‍കുമെന്നും കേജ്‌രിവാൾ പറയുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന നേതാക്കളുള്ള എഎപി, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണ് നടത്തുന്നതെന്ന് ബിജെപി പ്രതികരിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഡല്‍ഹി  എഎപി മന്ത്രി രാജേന്ദ്രപാല്‍ ഗൗതം കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് രാജിവച്ചിരുന്നു. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് വലിയ ക്ഷീണമായ ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കേജ്‍രിവാള്‍ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങള്‍ വേണണെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

Include photos of Lakshmi, Ganesha on currency notes: Kejriwal