തകര്‍ന്നുതകര്‍ന്ന് രൂപ; ഡോളറിന് വില 82 കടന്നു; ചരിത്രത്തിലാദ്യം

രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച. യുഎസ് ഡോളറുമായുള്ള വിനിമയനിരക്ക് 82.33 വരെ താഴ്ന്നു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.19 ആയിരുന്നു നിരക്ക്. ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ 10 ശതമാനത്തിലധികം ഇടിവുണ്ടായി. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയതിനുപിന്നാലെ രൂപ നില മെച്ചപ്പെടുത്തിയിരുന്നു. എന്നാല്‍ എണ്ണവില വര്‍ധിച്ചതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ തുടരുകയും ചെയ്തത് തിരിച്ചടിയായി. 

രൂപയുടെ മൂല്യം ഇനിയും കുറയുമെന്നാണ് വിലയിരുത്തല്‍. ഇത് തടയാന്‍ റിസര്‍വ് ബാങ്ക് വിദേശനാണ്യശേഖരം ഉപയോഗിക്കുന്നത് തുടരുകയാണ്. രൂപയുടെ മൂല്യം 80 എത്തുന്നത് തടയാന്‍ ജൂലൈയില്‍ മാത്രം വിപണിയിലിറക്കിയത് 1900 കോടി ഡോളറാണ്. വ്യാപാര കമ്മി ഉയരുന്നതും വിദേശനാണ്യശേഖരം കുറയുന്നതും കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇറക്കുമതിച്ചെലവ് വര്‍ധിക്കും. രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഓഹരിവിപണിയിലും നഷ്ടം രേഖപ്പെടുത്തി.

Rupee falls to all time low against USD