പ്രതിച്ഛായയെ ബാധിച്ചു; വിവാദ പരാമര്‍ശങ്ങള്‍ വച്ചുപൊറുപ്പിക്കില്ല: ബിജെപി

പ്രവാചകനെതിരായ പരാമര്‍ശം കേന്ദ്രസര്‍ക്കാരിന്‍റെ വികസന പ്രതിച്ഛായയെ ബാധിച്ചുവെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്‍റെ വിലയിരുത്തല്‍. മതവികാരം വ്രണപ്പെടുന്നത് സാമ്പത്തികബന്ധത്തെ പ്രതികൂലമായി സ്വാധീനിക്കാമെന്ന് ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയതായി റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാചകവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവന്നു. എല്ലാ മതങ്ങളോടും സഹിഷ്ണുത വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. 

പ്രവാചകന് എതിരെ ബിജെപിയുടെ മുന്‍ നേതാക്കളായ നൂപുര്‍ ശര്‍മയ്ക്കും നവീന്‍ ജിന്‍ഡലിനും താക്കീത് നല്‍കിയിരുന്നെങ്കിലും പ്രസ്താന പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് അച്ചടക്ക നടപടിയെടുത്തതെന്ന് ബിജെപി കേന്ദ്രനേതാക്കള്‍ വ്യക്തമാക്കുന്നു. പരാമര്‍ശം രാജ്യാന്തരതലത്തില്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചു. അച്ചടക്ക നടപടി ഏറെ ആലോചിച്ച് എടുത്ത തീരുമാനമാണ്. മോദിയുടെ വികസനനയത്തെ ബാധിക്കുന്ന നിലപാടുകള്‍ അച്ചടക്കലംഘനമായി കണക്കാക്കുമെന്ന കടുത്ത നിലപാടിലാണ് ബിജെപി നേതൃത്വം. വിവാദപരാമര്‍ശം നടത്തിയവരെ പിന്തുണച്ച് അച്ചടക്ക നടപടിക്കെതിരെ രംഗത്തുവരുന്ന നേതാക്കള്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് കേന്ദ്രനേതൃത്വത്തിന്‍റേത്. എന്നാല്‍ ബിജെപി പിന്തുണയോടെയാണ് വിവാദപരാമര്‍ശങ്ങള്‍ നടന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കുറ്റപ്പെടുത്തി.

വിവാദ പരാമര്‍ശത്തിനെതിരെ ലിബിയ, മാലദ്വീപ്, ജോര്‍ദാന്‍, ഇന്തോനീഷ്യ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ കൂടി രംഗത്തുവന്നു. പ്രസ്താവനയെ ഇന്ത്യന്‍ സര്‍ക്കാര്‍ തള്ളിപ്പറയണമെന്ന് ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി കാര്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ജീവന് ഭീഷണിയുണ്ടെന്ന പരാതിയില്‍ ഡല്‍ഹി പൊലീസ് നൂപുര്‍ ശര്‍മയ്ക്കും കുടുംബത്തിനും സുരക്ഷ ഏര്‍പ്പെടുത്തി. കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഘസ്‍വതുല്‍ ഹിന്ദ് എന്ന സംഘടന നൂപുര്‍ ശര്‍മയ്ക്കെതിരെ ഭീഷണി ഉയര്‍ത്തിയിരുന്നു.