വാങ് യാപിങ് നടന്നത് ചരിത്രത്തിലേക്ക്; ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനക്കാരി

 ചൈനീസ് നിർമിത ബഹിരാകാശ കുപ്പായമിട്ട് വാങ് യാപിങ് നടത്തിയ ആറര മണിക്കൂർ ‘പുലരി നടത്ത’ത്തിൽ ഒപ്പം നടന്നതു ചരിത്രം. 15 മീറ്റർ വരെ നീട്ടാനാകുന്ന റോബട്ടിക് കൈ ഉൾപ്പെടെ സവിശേഷതകളുള്ള ടിയാൻഗോങ് ബഹിരാകാശ നിലയം സജ്ജമാക്കാനെത്തിയ വാങ്, ബഹിരാകാശത്തു നടക്കുന്ന ആദ്യത്തെ ചൈനക്കാരിയായി. 

ബഹിരാകാശ നടത്തത്തിൽ 1984 ൽ റഷ്യക്കാരി സ്വെറ്റ്‍ലാന സവിറ്റ്സ്‍കയയാണു വനിതാമുന്നേറ്റത്തിനു തുടക്കമിട്ടത്. വാങ്ങും (41) കൂടി ചേർന്നാൽ ഇതുവരെ 15 വനിതകൾ നിലയം അറ്റകുറ്റപ്പണി പോലെയുള്ള ദൗത്യങ്ങൾക്കായി ‘സ്പേസ് വോക്ക്’ എന്ന സാഹസികത കാഴ്ചവച്ചിട്ടുണ്ട്. 

13 വർഷം മുൻപ് ബഹിരാകാശത്തു നടന്ന ജായ് ജിഗാങ്ങും വാങ്ങിനൊപ്പം നിലയം അറ്റകുറ്റപ്പണികൾക്കായി നടത്തത്തിൽ പങ്കുചേർന്നു. ബഹിരാകാശത്ത് നടന്ന ആദ്യ ചൈനക്കാരനാണ് ജിഗാങ്.