അണക്കെട്ട് തകര്‍ന്നു; 50 മരണം; 17 കുഞ്ഞുങ്ങള്‍; നടുക്കം മാറാതെ ദൃക്സാക്ഷികള്‍

HIGHLIGHTS
  • മരണസംഖ്യ ഉയരുമെന്ന് സൂചന
  • ഒട്ടേറെ ഗ്രാമങ്ങള്‍ ഒലിച്ചുപോയി
kenya
SHARE

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ അണക്കെട്ട് തകര്‍ന്നു. മയ് മഹിയു മേഖലയിലാണ് കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടു തകർന്നത്. 50 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് വിവരം. മരണസംഖ്യ ഉയരുമെന്നാണു സൂചന. ഒട്ടേറെ ഗ്രാമങ്ങളും ഒലിച്ചുപോയി. രാജ്യത്ത് ആഴ്ചകളായി കനത്ത മഴ തുടരുകയാണ്. അണക്കെട്ട് തകര്‍ന്നിടം രാജ്യതലസ്ഥാനമായ നെയ്റോബിയില്‍ നിന്നും 60 കിലോമീറ്ററുകള്‍ ഉള്ളിലാണ്. കൊല്ലപ്പെട്ടവരില്‍ 17 കുഞ്ഞുങ്ങളുണ്ടായിരുന്നുവെന്നാണ് രക്ഷാസേന അറിയിച്ചത്. 

അണക്കെട്ടില്‍ നിന്ന് വെള്ളത്തിനൊപ്പം കുത്തിയൊലിച്ചെത്തിയ ചെളിയില്‍ ആളുകള്‍ പുതഞ്ഞുകിടപ്പുണ്ടെന്നാണ് രക്ഷാസേന നല്‍കുന്ന വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തിനിടെ രാജ്യത്ത് നൂറോളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

dam-1

വളരെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് വീടിനുപുറത്തേക്ക് നോക്കിയതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഡേദന്‍ മുയ്‌രി എന്ന അറുപതുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ശബ്ദം കേട്ട് പുറത്തേക്ക് ഒന്ന് നോക്കി, മിന്നല്‍ പോലെ എന്തോ ഒരു വെട്ടം. കണ്ണടച്ച് തുറക്കുന്നതിനു മുന്‍പ് കഴുത്തറ്റം വെള്ളം വന്നുനിറഞ്ഞു. ഭാര്യ ഒഴുകിപോകുന്നത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം മുന്നില്‍ കണ്ട് കുടുംബത്തിലെ എല്ലാവരോടും യാത്ര പറഞ്ഞു. എന്നാല്‍ പെട്ടെന്ന് ഒരു മരക്കൊമ്പില്‍ എന്‍റെ കൈ തടഞ്ഞു. അതില്‍ ബലമായി പിടിച്ചുകിടന്നതാണ് രക്ഷയായത് ’ എന്നാണ് മുയ്‌രി പറഞ്ഞത്. 

‘മകള്‍ക്ക് നീന്തലറിയാമായിരുന്നു. അവള്‍ എന്‍റെ രണ്ടു പേരക്കുട്ടികളെ രക്ഷിച്ചു. അവിടെ നിന്ന് ഒരുതരത്തിലാണ് സുരക്ഷിതമായ ഒരിടത്തേക്ക് മാറാനായത്. പിന്നീട് കണ്ട കാഴ്ച അതിഭീകരമായിരുന്നു. നദിക്കരയില്‍ എല്ലാം നഷ്ടപ്പെട്ട് അലറിവിളിക്കുന്നവര്‍. തീരെ ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന കാഴ്ച. ഉറ്റവരെ നഷ്ടപ്പെട്ട് അലറി കരയുന്ന മനുഷ്യന്‍റെ കരച്ചില്‍ കണ്ടുനില്‍ക്കാനാവില്ല’– മുയ്‌രി കൂട്ടിച്ചേര്‍ത്തു.

dam-2

Kenya dam bursts; 50 deaths reported.

MORE IN WORLD
SHOW MORE