ചിത്രശലഭങ്ങളെ 'നെറ്റി' ലാക്കാൻ മോദി സർക്കാർ; പ്രകൃതിദുരന്ത പഠനങ്ങൾക്ക് മുതൽക്കൂട്ടാകും

കടപ്പാട്; വിക്കിപിഡിയ

ചിത്രശലഭങ്ങളുടെ കൂട്ടുകുടുംബത്തെ ഒരു കുടക്കീഴിലാക്കാൻ കേന്ദ്ര സർക്കാർ. വലവീശിപ്പിടിച്ചല്ല, മറിച്ച് സമഗ്ര വിവരങ്ങൾ വെബ്സൈറ്റിലാക്കാനാണ് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ ഉദ്യമം.‘എ കാറ്റലോഗ് ഓഫ് ഇന്ത്യൻ ലെപിഡൊപ്റ്റീറ’എന്ന പോർട്ടൽ തയ്യാറാക്കാനായി സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ടെൻഡർ ക്ഷണിച്ചു. ചിത്രശലഭങ്ങൾക്ക് പുറമേ അതിലേറെ വരുന്ന നിശാശലഭങ്ങളും സമാന ഷഡ്പദങ്ങളും അവയുടെ രൂപഭാവങ്ങളും ഇന്റർനെറ്റിലെത്തും; ഓദ്യോഗികമായിത്തന്നെ.

ലോകത്തെ 17 മെഗാ ജൈവവൈവിധ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ 15000 ത്തോളം ശലഭ ഇനങ്ങളുണ്ട്. ഇതിൽ ബട്ടർ ഫ്ലൈസ് എന്ന പൂമ്പാറ്റകൾ 10 ശതമാനം മാത്രം. അവയുടെ വിവരശേഖരണം ഏറെക്കുറെ പൂർണ്ണമാണ്. എന്നാൽ ഗവേഷണം ചിതറിക്കിടക്കുകയാണ്. കണ്ടതിലപ്പുറമാണ് കാണാനിരിക്കുന്നതെന്ന മട്ടിലാണ് നിശാശലഭങ്ങളുടെയും മറ്റ് പറക്കുംപ്രാണികളുടേയും കഥ. പലതിൻ്റേയും വംശം തിരിച്ചറിഞ്ഞിട്ടില്ല. ചിലതിനെ കണ്ടെത്തി വരുന്നതേയുള്ളു. സൂവോളജിക്കൽ സർവേയുടെ പക്കലുള്ള വിവരങ്ങൾക്കൊപ്പം പുതിയ ചിത്രങ്ങളും വിവരങ്ങളും വിരൽത്തുമ്പിലാക്കാനാണ്  ലക്ഷ്യമിടുന്നത്.

ആഗോള താപനം, കാലാവസ്ഥാമാറ്റം, പ്രകൃതിദുരന്തം തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശലഭജീവിതവും അവയുടെ ദേശാടനവും സഹായകമാണ്. ജൈവ തന്മാത്രാ ഗവേഷണത്തിനും  ഉപയോഗപ്രദം. ഈ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ഗവേഷകർക്കും കൃഷി-പരിസ്ഥിതി ശാസ്ത്രജ്ഞർക്കും വനപാലകർക്കും .ഈ പോർട്ടൽ ഒരു ഡിജിറ്റൽ കൈപ്പുസ്തകമായി മാറുമെന്നാണ് കേന്ദ്ര മന്ത്രാലയത്തിൻ്റെ വിശദീകരണം.