കണ്ണിലും ദേഹത്തും മഞ്ഞനിറം; കരളും പണിമുടക്കും; മഞ്ഞപ്പിത്തം മരണ കാരണമാകുന്നതെപ്പോള്‍?

jaundice-1
SHARE

സംസ്ഥാനത്ത് മഞ്ഞപിത്തം പടരുന്നു. മരണസംഖ്യയും ഉയരുകയാണ്. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വന്‍തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഉഷ്ണ കാലാവസ്ഥയിലാണ് മഞ്ഞപ്പിത്തം അഥവാ വൈറൽ ഹെപ്പറ്റൈറ്റിസ് പടരുന്നത്. കരളിനെയാണ് ഇത് ബാധിക്കുന്നത്. കണ്ണിലും തൊലിയിലും മഞ്ഞ നിറം വ്യാപിക്കുന്നതാണ് പ്രകടമായ ലക്ഷണം. മറ്റുപല കരൾ രോഗങ്ങളുള്ളവര്‍ക്കും മഞ്ഞപ്പിത്തം ഉണ്ടാകാം.

പ്രധാന ലക്ഷണങ്ങള്‍

ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിക്കുന്ന 80 മുതല്‍ 95% കുട്ടികളിലും പത്തുമുതല്‍ 25% മുതിര്‍ന്നവരിലും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. മറ്റുള്ളവരില്‍ വൈറസ് ബാധിച്ച് 2 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പരമാവധി 28 ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ. പിന്നീട് കണ്ണിലും മൂത്രത്തിലും തൊലിയിലും നഖങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. രോഗം ഗുരുതരമായാൽ കരള്‍ തകരാറിലായി മരണം വരെ സംഭവിക്കാം.

hepatitis

മഞ്ഞപ്പിത്തം ഒരു രോഗലക്ഷണം ആണ്. പലപ്പോഴും മറ്റുപല രോഗങ്ങളുടെയും ലക്ഷണമായി മഞ്ഞപ്പിത്തം കാണാറുണ്ട്. അതിനാൽ ചികിത്സ തുടങ്ങുന്നതിനു മുൻപ് ശാസ്ത്രീയമായി രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. ലക്ഷണങ്ങള്‍ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ മാത്രമേ സാധാരണ ആവശ്യം വരാറുള്ളൂ.അംഗീകൃതമല്ലാത്ത മരുന്നുകളും, ആവശ്യമില്ലാത്ത മരുന്നുകളും ഉപയോഗിക്കരുത്. അത് കരളിനെ കൂടുതല്‍ കുഴപ്പത്തിലാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും മറ്റ് രോഗങ്ങളുള്ളവരിലും മഞ്ഞപ്പിത്തം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. എച്ച്ഐവി ബാധിതര്‍, കരള്‍ രോഗമുള്ളവര്‍ എന്നിവരിലെല്ലാം ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ വളരെ ശ്രദ്ധിക്കണം.

*രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടന്‍ ഡോക്ടറെ കാണുക

* പ്രമേഹ രോഗികളും മറ്റു രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം

* മിക്കപ്പോഴും കുടിവെള്ളത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തിലെത്തുന്നത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് എപ്പോഴും ഉറപ്പുവരുത്തണം. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കമ്പോഴും ശുചിത്വത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പാലിക്കണം.

* പാത്രം കഴുകാനോ, ശരീരം വൃത്തിയാക്കാനോ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക

* സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് കിണറുകളിലേക്ക് ചോര്‍ച്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.

*രോഗ ബാധിതർ വ്യക്തി ശുചിത്വം പാലിക്കണം

* മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം.

* രോഗികളുടെ വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.

* രോഗികൾ നന്നായി വിശ്രമിക്കണം. നന്നായി വെള്ളം കുടിക്കണം.

* ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

jaundice-skin

പ്രതിരോധ മാര്‍ഗങ്ങള്‍

* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

* തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.

*കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക

* സെപ്ടിക്ക് ടാങ്കും കിണറും തമ്മില്‍ സുരക്ഷിതമായ അകലമുണ്ടെന്ന് ഉറപ്പു വരുത്തുക

* ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

* പഴങ്ങളും പച്ചക്കറികളും പല തവണ കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക

* തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ പദാർഥങ്ങൾ, കേടുവന്ന പഴങ്ങൾ എന്നിവ കഴിക്കരുത്

* രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.

* 6 മാസത്തെ ഇടവേളയില്‍ 2 ഡോസ് വാക്‌സിന്‍ എടുത്താല്‍ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാം.

What are the symptoms of jaundice; How to prevent ?

MORE IN SPOTLIGHT
SHOW MORE