14 വർഷം കാത്തിരുന്നെത്തിയ കൺമണിയെയും കവർന്ന് തീ; തോരാ കണ്ണീർ

കാത്തിരിപ്പിനൊടുവിൽ കിട്ടിയ പിഞ്ചോമനയെ നഷ്ടമായ വേദനയിലാണ് ഹിരലാൽ–ഹിർകന്യാ ദമ്പതികൾ. മഹാരാഷ്ട്ര ഭണ്ഡാര ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തം കവർന്നത് ഇരുവരും 14 വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെയാണ്. ജനുവരി ആറിനായിരുന്നു കുട്ടി ജനിച്ചത്.

ഏഴാം മാസത്തിൽ ജനിച്ച കുഞ്ഞിനു  ഭാരം കുറവായതിനെത്തുടർന്നാണ് ഭണ്ഡാര ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. വീട്ടിൽ ശുചിമുറി ഇല്ലാത്തത്തിനാൽ പൊതുശുചിമുറിയിൽ പോയി മടങ്ങവേ വീണതാണു നേരത്തേ പ്രസവിക്കാൻ കാരണം. 

മകൾ നഷ്ടപ്പെട്ട ആഘാതത്തിൽ നിന്നു ഹിർകന്യ ഇനിയും  മോചിതയായില്ലെന്നു ഹരിലാൽ കണ്ണീരോടെ പറയുന്നു. ഭണ്ഡാര സകോളി താലൂക്കിലെ ഉസ്ഗാവ് നിവാസികളായ കൂലിവേലക്കാരാണ് ഇരുവരും. നവജാത ശിശുക്കളുടെ ഐസിയുവിലുണ്ടായ അഗ്നിബാധയിൽ ഈ കുഞ്ഞുൾപ്പെടെ 10 ശിശുക്കൾ മരിച്ചു.