ചൈനീസ് കടലിൽ കുടുങ്ങി 39 ഇന്ത്യൻ നാവികർ; സഹായം തേടി വിദേശകാര്യവകുപ്പ്

പ്രതീകാത്മക ചിത്രം

ചൈനീസ് കടലിൽ രണ്ടു കപ്പലുകളിലായി പെട്ടുപോയ 39 ഇന്ത്യൻ നാവികർക്ക് ആവശ്യമായ സഹായം അടിയന്തരമായി നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചൈനീസ് പ്രവിശ്യയായ ഹെബെയ്‌യിലെ ജിൻതാങ് തുറമുഖത്തിനു സമീപം നങ്കുരമിട്ട എംവി ജാഗ് ആനന്ദില്‍ 23 ഇന്ത്യക്കാരാണ് ജൂൺ 13 മുതൽ കുടുങ്ങിയിരിക്കുന്നത്.

കൗഫെയ്ഡിയൻ തുറമുഖത്തിനുസമീപം നങ്കുരമിട്ടിരിക്കുന്ന എംവി അനസ്റ്റാസിയ എന്ന കപ്പലിൽ 16 ഇന്ത്യക്കാരുമുണ്ടെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ചരക്ക് വിട്ടുകിട്ടാത്തതിനെ തുടർന്നാണ് കപ്പൽ ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ചൈനീസ് അധികൃതരുമായി ഇന്ത്യന്‍ എംബസി നിരന്തരം സംസാരിക്കുന്നുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു. 

കോവിഡിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടികൾ വൈകുന്നതെന്നാണ് ചൈനീസ് നിലപാട്. കപ്പലിൽനിന്നു നിലവിലുള്ള ജീവനക്കാരെ മാറ്റി പുതിയവരെ ചുമതല ഏൽപ്പിക്കാനാകുമോയെന്ന് എംവി അനസ്റ്റാസിയ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഇത്രയുംനാൾ കപ്പലിൽ കടലിൽ ഒറ്റപ്പെട്ടുപോയത് ജീവനക്കാർക്കിടയിലും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന വിലയിരുത്തലിലാണിത്.