ആവേശം വിതറി അഭ്യാസപ്രകടനം; ആകാശവിസ്മയം തീർത്ത് നാവികസേന

നാവികസേനദിനാഘോഷത്തിൽ  അഭ്യാസപ്രകടനങ്ങൾ കൊണ്ട് വിസ്മയം തീർത്ത് നാവികസേനാംഗങ്ങൾ. ചേതക് ഹെലികോപ്റ്ററും യുദ്ധകപ്പലുകളുമെല്ലാം പ്രകടനത്തിന്റെ ഭാഗമായി. കൊച്ചിയിലെ  ദക്ഷിണമേഖല നാവിക ആസ്ഥാനത്തായിരുന്നു പരിപാടി.

ഓടിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് പറന്നിറങ്ങുന്ന ഹെലിക്കോപ്റ്റർ, ഹെലിക്കോപ്റ്ററിൽ നിന്ന് ബോട്ടിലേക്ക് ഊർന്നിറങ്ങുന്ന നാവികസേനാംഗം. കാണികളെ ആകംക്ഷയുടെ മുൾമുനയിൽ നിർത്തിയായിരുന്നു ഓരോ അഭ്യാസവും. നാവിക സേനയുടെ അത്യാധുനിക  വിമാനങ്ങളും ഹെലികോപ്ടറുകളും യുദ്ധക്കപ്പലുകളും ബോട്ടുകളും പ്രകടനത്തിന്റെ ഭാഗമായി. കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിലുള്ളവരെ രക്ഷിക്കുന്ന പ്രകടനം സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു. 

മറൈൻ കമാൻഡോകളുടെ പ്രകടനങ്ങൾക്കൊപ്പം ഹെലികോപ്റ്ററുകള്‍ കുത്തനെ ഉയർത്തിയും താഴ്ത്തിയും  വായുവില്‍ നിര്‍ത്തിയും കാണികളെ വിസ്മയിപ്പിച്ചു. ദീപാലംകൃതമായ യുദ്ധക്കപ്പലുകൾ അണിനിരത്തിയാണ് അഭ്യാസപ്രകടനങ്ങൾ അവസാനിപ്പിച്ചത്.