അറബിക്കടലിരമ്പം കേട്ട് ഒരു പകല്‍; എംഎല്‍എമാരും ഉദ്യോഗസ്ഥരും സേനയ്ക്കൊപ്പം

അറബിക്കടലില്‍ നാവിക സേനക്കൊപ്പം ഒരു പകല്‍ ചെലവിട്ട് എംഎല്‍എമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. നേവിയുടെ പ്രവര്‍ത്തനങ്ങളും യുദ്ധക്കപ്പലുകള്‍ അടക്കമുള്ള സന്നാഹവും പരിചയപ്പെടുത്താനായിരുന്നു ഉള്‍ക്കടലിലേക്കുള്ള യാത്ര

സംസ്ഥാനത്തെ 20 എംഎല്‍എമാരും 9 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവിധ യുദ്ധക്കപ്പലുകളില്‍ അറബിക്കടലിന്റെ ഇരമ്പല്‍ കേട്ട ഒരു പകല്‍... അതും ഇന്ത്യന്‍ നാവിക സേനക്കൊപ്പം.. ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് ഡല്‍ഹി എന്നീ കപ്പലുകളിലായിരുന്നു യാത്ര.. നടുക്കടലില്‍ വെച്ച് യുദ്ധ അഭ്യാസങ്ങളുടെ പ്രകടനവും, എയര്‍ ഓപ്പറേഷനുകളുമെല്ലാം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുമ്പില്‍ നാവിക സേന തുറന്നുകാട്ടി. 

ഐഎന്‍എസ് കപ്പലുകളായ ടിര്‍, ത്രിശൂല്‍, ഇന്‍വെസ്റ്റിഗേറ്റര്‍, സുനൈന, കല്‍പ്പേനി എന്നിവയുടെ പങ്കാളിത്തവും ഒപ്പമുണ്ടായിരുന്നു. ദക്ഷിണ നാവിക വൈസ് അ‍ഡ്മിറല്‍ എംഎ ഹംപിഹോളി ജനപ്രിതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സമുദ്രത്തിലെ സൂക്ഷ്മതകളും സമുദ്ര സുരക്ഷയുടെ അനിവാര്യതയും വെല്ലുവിളികളുമെല്ലാം വിവരിച്ചുനല്‍കി. യാത്രയില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാന വാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തും സംഘം സന്ദര്‍ശിച്ചു.