സിന്ധു നദീതട സംസ്കാരകാലത്തെ ഇഷ്ട ഭക്ഷണം ബീഫ്; തെളിവുകൾ; പഠനം

സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ മാംസം കഴിച്ചിരുന്നുവെന്ന് പഠനം. ‌ബീഫിന്റെ ഉപയോഗം വളരെ കൂടുതലായിരുന്നുവെന്ന് ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു. സിന്ധു നദീതട സംസ്കാരകാലത്തെ നാഗരികതയുടെ ലിപിഡ് അവശിഷ്ടങ്ങൾ എന്ന തലക്കെട്ടോട് കൂടിയുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി ഗവേഷകനായ അക്ഷയേത സൂര്യനാരായണനാണ് പഠനം നടത്തിയത്. ഹാരപ്പന്‍ സംസ്‌കാരത്തിലെ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങളുടെ ലിപിഡ് അവശിഷ്ടങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ഇതുവഴിയാണ് ഗവേഷകന്‍ അക്കാലത്തെ ജനതയുടെ ആഹാര ശീലങ്ങളെ കുറിച്ച് പഠിച്ചത്.

പന്നി, പോത്ത്, ആട്, ചെമ്മരിയാട് തുടങ്ങിയവയെ പാകം ചെയ്ത് കഴിച്ചിരുന്നുവെന്നാണ് ലേഖനത്തിൽ പറയുന്നത്. സെറാമിക് പാത്രങ്ങളാണ് ഇവർ പാചകത്തിനായി ഉപയോഗിച്ചിരുന്നത്.  ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്നിടത്താണ് സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്നത്.