ഡോർ തുറക്കാനായില്ല; പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിന്റെ തല തകർത്തു; ദാരുണം

വാഹനം പാർക്ക് ചെയ്ത രീതിയെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭക്ഷണശാലയ്ക്ക് മുന്നില്‍ വാഹനം പാർക്ക് ചെയ്ത രീതിയാണ് തര്‍ക്കത്തിന് കാരണം. അക്രമികളിൽ‌ ഒരാൾ ഇഷ്ടിക് കൊണ്ട് തലയ്ക്കടിച്ചാണ് വരുൺ എന്ന യുവാവിനെ കൊലപ്പെടുത്തിയത്. വരുണിനെ ആശുപത്രിയിലേക്ക് പെട്ടെന്ന് തന്നെ എത്തിച്ചെങ്കിലും  മരണം സംഭവിച്ചു.

സംഭവത്തെക്കുറിതച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭക്ഷണശാലയ്ക്ക് സമീപമാണ് വരുൺ താമസിക്കുന്നത്. ഡയറി ബിസിനസ് നടത്തുകയാണ് വരുൺ. യുവാവിന്റെ അച്ഛന്‍ ഡല്‍ഹി പൊലീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭക്ഷണശാലയ്ക്ക് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത രീതിയെ ചൊല്ലി തർക്കമുണ്ടായി. വരുണ്‍ കാര്‍ പാര്‍ക്ക് ചെയ്തത് മൂലം അടുത്ത് കിടന്നിരുന്ന വാഹനത്തിന്റെ ഡോര്‍ തുറക്കാന്‍ സാധിച്ചില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയിലേക്ക് നീങ്ങി. അടിപിടിയില്‍ വരുണിന് ഗുരുതരമായാണ് പരിക്കേറ്റത്. അടിയേറ്റ് വരുണ്‍ നിലത്തുവീണു. തുടര്‍ന്ന് അക്രമികള്‍ വരുണിന് ചുറ്റിലുമായി നിലയുറപ്പിച്ച് വീണ്ടും മർദിച്ചു. ഒരാള്‍ വരുണിനെ ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ വരുണ്‍ മരിക്കുകയായിരുന്നു. 

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 5 സംഘങ്ങളായി തിരിഞ്ഞ് പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, പൊലീസിന്റെ നിഷ്ക്രിയത്വം ആരോപിച്ച് വരുണിന്റെ ബന്ധുക്കൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.