തിരഞ്ഞെടുപ്പ് ചൂടിനിടെ രാഷ്ട്രീയം പറയാതെ നേതാക്കൾ; അപൂർവം ഈ ഒത്തുചേരൽ

തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പരസ്പരം ഏറ്റുമുട്ടുന്ന ബിഹാറിലെ പ്രമുഖ നേതാക്കളെല്ലാം അപൂർവമായി ഒത്തുകൂടി. ആരും രാഷ്ട്രീയം പറഞ്ഞില്ല. പക്ഷെ, ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്നു ആ ഒത്തുചേരലിന്.

പട്നയിലെ എൽജെപി ആസ്ഥാനം. റാം വിലാസ് പസ്വാന്റെ ശ്രാദ്ധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടി. ആദ്യമെത്തിയത് മുഖ്യമന്ത്രി നിതീഷ് കുമാറായിരുന്നു. പസ്വാന്റെ സഹോദരൻ പശുപതി കുമാർ പരസിനോട് ഓർമ്മകൾ പങ്കുവച്ചു. പിന്നാലെ മുദ്രാവാക്യം വിളികൾക്കിടയിലൂടെ തേജസ്വി യാദവുമെത്തി. ഏവരും പിന്നെ കാത്തിരുന്നു. ചിരാഗ് പസ്വാനു വേണ്ടി. വീട്ടിലെ ചടങ്ങുകൾക്കു ശേഷം അമ്മയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ചിരാഗ് പാർട്ടി ആസ്ഥാനത്ത്. നിയമസഭാ തിരഞ്ഞെടുപ്പിനിടെ നിതീഷ് ആദ്യമായാണ് ചിരാഗുമായി നേരിട്ട് സ്വസ്ഥമായി സംസാരിക്കുന്നത്. പട്ന വിമാനത്താവളത്തിൽ റാം വിലാസ് പസ്വാന്റെ ഭൗതിക ദേഹവുമായി താനെത്തിയപ്പോൾ നിതീഷ് കുമാറിന്റെ ഭാഗത്തു നിന്നുണ്ടായ തണുത്ത പ്രതികരണത്തെകുറിച്ച് ചിരാഗ് ബിജെപി നേതൃത്വത്തോട് പരാതി പറഞ്ഞിരുന്നു. 

പസ്വാൻ ചികിൽസയിലിരിക്കെ ആരോഗ്യവിവരം ഒരു തവണപോലും തിരക്കിയിട്ടില്ലെന്നും ചിരാഗ് പറഞ്ഞിരുന്നു. പരസ്പരമുളള പോർവിളികൾക്ക് താൽക്കാലിക വിരാമമിട്ട് കുറച്ചു നേരം. പിന്നെ ഓരോരുത്തരായി അങ്കത്തട്ടിലേയ്ക്ക്