തിരഞ്ഞെടുപ്പിലെ യഥാര്‍ഥ യുദ്ധഭൂമി യുപി; റായ്ബറേലിയിലെ മല്‍സരം രാഹുലിന് അനിവാര്യം

Rahul-Gandhi-waves-to-suppo
SHARE

രാഹുല്‍ഗാന്ധിയുടെ റായ്ബറേലി സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയ യുദ്ധം മുറുകുമ്പോളും ഈ തിരഞ്ഞെടുപ്പിലെ യഥാര്‍ഥ യുദ്ധഭൂമി ഉത്തര്‍പ്രദേശാണ് എന്ന് എല്ലാവരും അംഗീകരിക്കും. എണ്‍പതു ലോക്സഭാ സീറ്റുള്ള യുപിയിൽ എത്ര നേടുന്നുവെന്നത് സാധാരണഗതിയില്‍ ഡല്‍ഹിയിൽ ഭരണം പിടിക്കുന്നതിൽ നിർണായകമാണ്. പാര്‍ട്ടിയുടെ പടത്തലവന്‍ എന്ന നിലയില്‍ യുദ്ധത്തിന്‍റെ മുന്‍നിരയില്‍ രാഹുൽ ഗാന്ധി ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. രണ്ടു സീറ്റിലും വിജയിച്ചാലും രാഹുല്‍ ഗാന്ധി വയനാട് നിലനിര്‍ത്തും എന്ന പ്രതീക്ഷയും ശക്തമാണ്. 

ഉത്തര്‍പ്രദേശ്,  രാമക്ഷേത്രത്തിന്റെയും താജ്മഹലിന്‍റെയും മണ്ണ്. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്രമോദി വരെ ഒന്‍പത് പ്രധാനമന്ത്രിമാരെ ലോക്സഭയിലേയ്ക്കയച്ച ഹിന്ദി ഹൃദയഭൂമി. അമിത് ഷായെന്ന തിരഞ്ഞെടുപ്പു തന്ത്ര‍‍‍ജ്ഞന്റെ കരുനീക്കം രാജ്യം ശ്രദ്ധിച്ചത് ബിജെപിയുടെ ഉത്തര് ‍പ്രദേശ് ചുമതലക്കാരന്‍ എന്ന നിലയില്‍. 2014ൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ അമിത് ഷായുടെ മികവിൽ  ഉത്തര്‍പ്രദേശിൽ  ബിജെപി  പൊതുതിരഞ്ഞെടുപ്പില്‍ എണ്‍പതില്‍ എഴുപത്തിമൂന്നു സീറ്റും നേടി. കുടുംബമണ്ഡലമെന്നതിനപ്പുറം രാഹുല്‍ ഗാന്ധി എന്ന നേതാവിന് ദേശീയ രാഷ്ട്രീയത്തില്‍ അടയാളമുറപ്പിക്കാനും ഉത്തര്‍പ്രദേശിലെ മല്‍സരം അനിവാര്യം.

അതേസമയം  വിന്ധ്യന് താഴെ  മല്‍സരിച്ച് വിജയിക്കാന്‍ മോദിക്കോ രാഹുലിനോ ധൈര്യം എന്ന ചോദ്യത്തിനുള്ള കോണ്‍ഗ്രസിന്‍റെ ഉത്തരമാണ് വയനാട്. അധികാരത്തിലേറിയാലും ഇല്ലെങ്കിലും ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഒരുപോലെ സാന്നിധ്യമുള്ള പാര്‍ട്ടി എന്ന പൂർവസ്ഥിതി തിരിച്ചുപിടിക്കുന്നതിനും രാഹുല്‍ഗാന്ധിയുടെ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സ്വാധീനം കോണ്‍ഗ്രസിന് അനിവാര്യമാണ്.

MORE IN INDIA
SHOW MORE