'തനിച്ചായിരുന്നു, വിറച്ചു പോയി';മെട്രോയ്ക്കുള്ളില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് 16കാരന്‍

delhi-metro-05
പ്രതീകാത്മക ചിത്രം
SHARE

ഡല്‍ഹി മെട്രോയ്ക്കുള്ളില്‍ വച്ച് ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന് കൗമാരക്കാരന്‍. വെള്ളിയാഴ്ച രാത്രിയില്‍ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനില്‍ വച്ചാണ് സംഭവമുണ്ടായതെന്ന് പതിനാറുകാരന്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. തനിച്ചാണ് താന്‍ മെട്രോയില്‍ യാത്ര ചെയ്തിരുന്നതെന്ന് കുറിച്ച കുട്ടി ലൈംഗികമായി ആക്രമിച്ചയാളുടെ ചിത്രവും പങ്കുവച്ചു.

സമയ്പുര്‍ ബദ്​ലിയിലേക്കുള്ള മെട്രോയില്‍ ആണ് കുട്ടി കയറിയത്. മെട്രോയ്ക്കുള്ളില്‍ വച്ച് സഹയാത്രികന്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് ട്വീറ്റില്‍ പറയുന്നത്. 'മെട്രോയ്ക്കുള്ളില്‍ കയറിയതും പിന്‍ഭാഗത്ത് എന്തോ തട്ടിയത് പോലെ തോന്നി. മറ്റാരുടെയെങ്കിലും ബാഗോ അല്ലെങ്കില്‍ കയറുന്നതിനിടെ അബദ്ധത്തില്‍ ആരെങ്കിലും സ്പര്‍ശിച്ചതോ ആകുമെന്ന് കരുതി. പക്ഷേ എനിക്ക് തെറ്റിപ്പോയി. മനപൂര്‍വം അടുത്ത് നിന്നയാള്‍ സ്പര്‍ശിച്ചതാണെന്ന് മനസിലായപ്പോള്‍ വിറച്ചു പോയെന്നും മെട്രോയുടെ ചുവരിനോട് ചേര്‍ന്ന് നിന്നു'വെന്നും കുട്ടി കുറിച്ചു. എന്നാല്‍ സഹയാത്രികന്‍ മൂന്നാമതും തൊട്ടതോടെ അയാളുടെ മുടിയില്‍പിടിച്ച് വലിച്ചുവെന്നും ചിത്രമെടുത്തുവെന്നും കുട്ടി പറയുന്നു. ഭ'യന്ന് വിറയ്ക്കുന്നുണ്ടായിരുന്നുവെങ്കിലും അത്രയെങ്കിലും ചെയ്യാനായി എന്നതില്‍ ആശ്വാസമുണ്ട്. മുടിയില്‍ പിടിച്ച് വലിച്ചതിന് പിന്നാലെ അയാള്‍ സംസാരിക്കാന്‍ ശ്രമിച്ചു'വെന്നും മെട്രോയില്‍ നിന്നിറങ്ങിയ തന്നെ പിന്തുടര്‍ന്ന് വന്നുവെന്നും കുട്ടി വിവരിക്കുന്നു. 

കശ്മീര്‍ ഗേറ്റിലെത്തിയപ്പോള്‍ ഇറങ്ങി യെലോ ലൈനിലേക്ക് കയറിയപ്പോള്‍ അക്രമി വീണ്ടും പിന്തുടര്‍ന്നുവെന്നും എസ്കലേറ്ററിലേക്ക് ഓടിക്കയറിയെന്നും അയാള്‍ ഒപ്പം വരുന്നുവെന്ന് ആംഗ്യം കാണിച്ചുവെന്നും ജീവന്‍ കയ്യില്‍ പിടിച്ചാണ് ഓടിയതെന്നും കുട്ടി ഭീതിയോടെ കുറിച്ചിട്ടുണ്ട്. വിവരം മെട്രോയില്‍ അറിയച്ചതോടെ സുരക്ഷാ ജീവനക്കാരന്‍റെ ഒപ്പമാണ് കുട്ടി അടുത്ത സ്റ്റേഷനിലേക്ക് എത്തിയത്. സംഭവം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ രാജീവ് ചൗക്ക് സ്റ്റേഷനില്‍ നിന്ന് വിളിച്ച് വിവരങ്ങള്‍ തേടിയതായി കുട്ടി അറിയിച്ചു.

MORE IN INDIA
SHOW MORE