ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോൺ വിളിക്ക് കാൽ നൂറ്റാണ്ട്: ചരിത്രം: നാൾവഴി

ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ വിളിക്ക് ഇന്നലെ കാൽ നൂറ്റാണ്ട് പിന്നിട്ടു. ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ കോൾ നടന്ന് കാൽനൂറ്റാണ്ട്.  ഇന്ത്യയിൽ ആദ്യ മൊബൈൽ ഫോൺ കോൾ, ചരിത്രത്തിന്റെ ഭാഗമായി എത്തിപ്പെടാൻ. കാണാം ആ ചരിത്ര നിമിഷവും നാൾവഴികളും .  

ഈ ഫോൺ മണിനാദം ഇന്ത്യയിൽ ആദ്യമായ് മുഴങ്ങിയത് കാൽ നൂറ്റാണ്ട് മുമ്പായിരുന്നു. 1995 ജൂലൈ 31 ആയിരുന്നു ആ ചരിത്ര ദിനം. കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിങ്ങിലിരുന്ന് ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കേന്ദ്ര വാർത്ത വിനിമയ മന്ത്രി സുഖ്റാമിനെ നോക്കിയ ഫോൺ ഉപയോഗിച്ചു നടത്തിയ വിളിയായിരുന്നു അത്. മോദി ടെൽസ്ട്ര ആയിരുന്നു രാജ്യത്തെ ആദ്യ മൊബൈൽ സേവനദാതാവ്. ഡൽഹിയിലായിരുന്നു മൊബൈൽ ഫോൺ സേവനം ആദ്യം ഒരുങ്ങിയതും. ഔട്ട് ഗോയിങ്ങ്, ഇൻകമിങ്ങ് നിരക്കുകളടക്കം 24 രൂപയായിരുന്നു അന്ന് ഒരു മിനിട്ട് ഫോൺ സംഭാഷണത്തിന്റെ നിരക്ക്.

ഇൻകമിങ്ങ് കോൾ പൂർണ്ണമായും സൗജന്യമായത് 2003ലാണ്. മൊബൈൽ ഇൻ്റർനെറ്റിൻ്റെ കുതിപ്പിനു കാരണമായ 3ജി സേവനം തുടങ്ങുന്നത് 2010ലും . പിന്നീടിങ്ങോട്ട് കൈ പിടിക്കുള്ളിൽ ലോകത്തിൻ്റെ ഓരോ സ്പന്ദനങ്ങളും തൽസമയമെത്തുന്ന അവസ്ഥയിലേക്കായി വളർച്ച. രൂപവും ഭാവവും സൗകര്യങ്ങളും സംവിധാനങ്ങളും ഈ കുഞ്ഞൻ ഫോണിൽ ഒതുക്കുന്നതിന് വിവിധ കമ്പനികൾ മൽസരിച്ചു. 2016ൽ റിലയൻസ് ജിയോ കൂടി രംഗത്ത് എത്തിയതോടെ മൊബൈൽ ഫോൺ വിളിയിലും ഇൻ്റർനെറ്റ് ഉപയോഗത്തിലും വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. 1998 ൽ ഇന്ത്യയിൽ 8 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കൾ ഉണ്ടായിരുന്നുള്ളുവെങ്കിൽ 22 വർഷങ്ങൾക്കിപ്പുറം 2020 ൽ 116.9 കോടിയിൽ എത്തിയിരിക്കുന്നു. ആഗോള തലത്തിൽ മൊബൈൽ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്ത്. ഓരോ നൂറു പേരിലും 90.52 ആളുകൾക്ക് മൊബൈൽ ഫോൺ ഉണ്ടെന്ന് സാരം. കാൽ നൂറ്റാണ്ട് മുമ്പ് ജ്യോതി ബസുവും സുഖറാമും കരുതിയിട്ടുണ്ടാവില്ല തങ്ങൾ തുടക്കമിട്ട ഫോൺ വിളിക്ക് സ്വപ്നതുല്യമായ ഈയൊരു വളർച്ചയുണ്ടാകുമെന്ന് .