‘മരണക്കളി’യില്‍ വീണ്ടും ആത്മഹത്യ; ഫലം കാണാതെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായി വിദ്യാര്‍ഥിയുടെ ആത്മഹത്യ. തിരുവനന്തപുരം ചിറയിന്‍കീഴിലെ എട്ടാം ക്ളാസുകാരന്‍ സാബിത് മുഹമ്മദാണ് തൂങ്ങിമരിച്ചത്. മരണ ശേഷമാണ് മൊബൈലിലെ ഗെയിമുകളേക്കുറിച്ച് അറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയാകുന്ന കുട്ടികളെ രക്ഷിക്കാന്‍ നടപടിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഫലം കണ്ടില്ലെന്ന് വ്യക്തമാവുകയാണ്.

ചിറയിന്‍കീഴ് കല്ലുവിള വീട്ടില്‍ ഷാനവാസിന്റെയും സജീനയുടെയും മകനായ 14കാരന്‍ സാബിത്താണ് മരണക്കളിയുടെ ഒടുവിലെ ഇര. കഴിഞ്ഞ 8ന് ട്യൂഷന്‍ കഴിഞ്ഞെത്തിയ സാബിത്ത് പുതിയതായി വാങ്ങിയ യൂണിഫോം അണിഞ്ഞ് സന്തോഷത്തിലായിരുന്നു. അതുമായി മുറിയിലേക്ക് കയറിയ സാബിത്തിനെ പിന്നീട് കാണുന്നത് ഒരു മുഴം തുണിയില്‍ തൂങ്ങിയനിലയില്‍. 

ആത്മഹത്യാ കാരണം അന്വേഷിച്ച് മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് രഹസ്യ പാസ്വേഡ് ഉപയോഗിച്ച് സൂക്ഷിച്ചിരുന്ന ഗെയിമുകളും ആപ്ളിക്കേഷനുകളും കാണുന്നത്. ഓണ്‍ലൈന്‍ പഠനത്തിനെന്ന പേരില്‍ കൈക്കലാക്കുന്ന അമ്മയുടെ മൊബൈലിലൂടെ സാബിത്ത് ഗെയിമുകളുടെ ലഹരിലോകത്തെത്തിയത് വിദേശത്തുള്ള പിതാവോ വീട്ടിലുള്ളവരോ അറിഞ്ഞിരുന്നില്ല.

ഓണ്‍ലൈന്‍ ഗെയിമുകളുടെ അപകട സാധ്യത മനോരമ ന്യൂസ് ചൂണ്ടിക്കാട്ടിയപ്പോള്‍ പൊലീസിനെ ഉപയോഗിച്ച് പ്രത്യേക നിരീക്ഷണവും കൗണ്‍സിലിങ്ങുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രഖ്യാപനത്തിനപ്പുറം ഇരകളെ കണ്ടെത്താനോ രക്ഷിക്കാനോ സര്‍ക്കാരിനാവുന്നില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് സാബിത്തിന്റെ മരണം.