ഷാഫിയുടെ നിഗൂഢ ഇടപാടുകളുടെ തെളിവ്; ഫോണുകള്‍ കാണാമറയത്ത്

പ്രതികളായ ഷാഫി, ഭഗവൽ സിങ്, ലൈല

ഇലന്തൂര്‍ ഇരട്ട നരബലിക്ക് പിന്നാലെ അപ്രത്യക്ഷമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന്‍റെ തീവ്രശ്രമം. ഒന്നാംപ്രതി ഷാഫിയുടെയും കൊല്ലപ്പെട്ട പത്മയുടെയും ഫോണുകള്‍ ഇപ്പോഴും കാണാമറയത്താണ്. പത്മയുടെ ഫോണ്‍ കണ്ടെത്താന്‍ പ്രതികളുമായി ഇലന്തൂരില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് തുടരും. അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുന്ന തെളിവുകളാണ് പത്മയുടെയും ഒന്നാംപ്രതി ഷാഫിയുടെയും മൊബൈല്‍ ഫോണുകള്‍. ഷാഫിയുടെ നിഗൂഢമായ ഇടപാടുകളുടെ ചുരുളഴിക്കാന്‍ പര്യാപ്തമായ തെളിവ്. എന്നാല്‍ ഈ ഫോണ്‍ വഴക്കിനെ തുടര്‍ന്ന് ഭാര്യ തല്ലിപ്പൊട്ടിച്ചുവെന്നാണ് ഷാഫിയുടെ മൊഴി. ഇക്കാര്യം ഷാഫിയുടെ ഭാര്യ നഫീസയും ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.

പത്മയുടെ കൊലപാതകം നടന്ന സെപ്റ്റംബര്‍ 26ന് രാവിലെയാണ് മൊഴികള്‍ പ്രകാരം ഫോണ്‍ നശിപ്പിച്ചത്. അന്വേഷണം തന്നിലേക്കെത്തുമെന്ന ഘട്ടത്തില്‍ ഫോണ്‍ ഷാഫി തന്നെ നശിപ്പിച്ചതാകാനും സാധ്യതയുണ്ട്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഫോണ്‍ വീണ്ടെടുത്ത് വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. ഇലന്തൂരിലെത്തുമ്പോള്‍ പത്മയുടെ കൈവശം തന്‍റെ ഫോണ്‍ ഉണ്ടായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൊബൈല്‍ എറിഞ്ഞു കളഞ്ഞുവെന്നാണ് ഷാഫിയുടെ മൊഴി. ഈ മൊബൈല്‍ കണ്ടെത്താന്‍ ഷാഫിയുമായി അന്വേഷണ സംഘം വീണ്ടും സഞ്ചരിക്കും. കുറ്റകൃത്യങ്ങളുടെ സ്റ്റാര്‍ട്ടിങ് പോയിന്‍റായ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ അരിച്ചുപെറുക്കി പരിശോധിക്കുകയാണ് പൊലീസ്.

ഭാര്യയുടെ മൊബൈലില്‍ നിന്ന് ഷാഫിയുെട മൂന്ന് വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകളുടെ വിവരമാണ് സൈബര്‍ സെല്‍ ശേഖരിച്ചത്.  നാല് വര്‍ഷം മുന്‍പാണ് ശ്രീദേവിയെന്ന വ്യാജ അക്കൗണ്ട് ഷാഫി ആരംഭിച്ചത്. ഇത് വഴിയാണ് ഭഗവല്‍സിങ്ങിനെ വലയിലാക്കുന്നത്. സമാനമായി ആരെയൊക്കെ ഷാഫി കുടുക്കിയെന്ന അന്വേഷണത്തിലും ഫെയ്സ്ബുക്ക് രേഖകള്‍ നിര്‍ണായകമാകും. 2020ല്‍ ബലാല്‍സംഗ കേസില്‍ ജയിലില്‍ കിടന്ന കാലയളവിലും അക്കൗണ്ട് സജീവമായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ചാറ്റുകളുടെ ഇഴകീറി പരിശോധന ഷാഫിയുടെ പൂര്‍വകാല ജീവിതത്തിന്‍റെ ചുരുളഴിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

The investigation team to find the missing mobile phones after the Elanthoor human sacrifice