സരോജിനി കൊലക്കേസില്‍ വീണ്ടും അന്വേഷണം; പ്രതീക്ഷയുണ്ടെന്ന് മകൻ

പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല സ്വദേശിനി സരോജിനിയുടെ കൊലപാതക കേസിൽ വർഷങ്ങള്‍ക്കു ശേഷം ചലനമുണ്ടായതിൽ പ്രതീക്ഷയുണ്ടെന്ന് മകൻ സുനിൽ. ഒന്‍പതു വർഷമായി കാര്യമായ അന്വേഷണം നടന്നിട്ടില്ല. വീട്ടു ജോലിക്കാരിയായ സരോജിനിയെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വീടിനു സമീപത്തു നിന്നാണ് ഒന്‍പതു വർഷം മുൻപ് കാണാതായത്. ഈ കേസുമായി ബന്ധപ്പെട്ട് ഇലന്തൂർ നരബലി കേസ് പ്രതികളെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ജയിലിൽ ചോദ്യം ചെയ്തിരുന്നു.

2014 സെപ്തംബർ 15നാണ് പത്തനംതിട്ട കുളനട - ആറന്മുള റോഡരികിൽ നിന്ന് 59 വയസുകാരി സരോജനിയുടെ മൃതദേഹം ലഭിക്കുന്നത്. പോസ്റ്റുമോർട്ടത്തിൽ ശരീരത്തിൽ 46 മുറിവുകൾ കണ്ടെത്തിയിരുന്നു. മുറിവുകളിൽ നിന്നും രക്തം വാർന്നായിരുന്നു മരണം സംഭവിച്ചതെന്ന് തെളിഞ്ഞിരുന്നു. കേസ് ആദ്യം ലോക്കൽ പൊലീസും, 2018 മുതൽ ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും കൊലപാതകി ആരെന്ന് കണ്ടെത്താനായില്ല. ഈ കേസിലെ അന്വേഷണമാണ് ഇലന്തൂർ നരബലി കേസ് പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവത് സിംഗ്, ലൈല എന്നിവരിലേക്ക് എത്തിയിരിക്കുന്നത്. കേസിൽ മൂന്നു പേരെയും ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തു.

ഇലന്തൂര്‍ നരബലി പുറംലോകം അറിഞ്ഞിട്ട് ഒരു വര്‍ഷമാകുകയാണ്.  ഈ കൊലപാതകങ്ങൾക്ക് സമാനമാണ് സരോജിനിയുടേതുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സരോജിനിയെ കാണാതായ സമയത്ത് നരബലി കേസ് പ്രതി ഭഗവത് സിങിന്റെ സാന്നിദ്ധ്യം പ്രദേശത്തുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. അന്ന് വൈകിട്ട് ആറുമണിക്കും രാത്രി 11 നും ഇടയിൽ ഇയാൾ സംശയകരമായ കോളുകൾ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. നരബലി കേസിലെ ഇരകളായ രണ്ട് സ്ത്രീകളുടെ സമാനമായ പ്രായവും, ജീവിത സാഹചര്യവുമായിരുന്നു സരോജിനിയുടേതും. അതുകൊണ്ടുതന്നെ സമാനമായ ലക്ഷ്യത്തിനു വേണ്ടിയുള്ള കൊലപാതകം ആയിരുന്നോ സരോജിനിയുടേതുമെന്ന് കണ്ടെത്തണമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. നരബലിയിൽ കൂടുതൽ ഇരകൾ ഉണ്ടായിരിക്കാമെന്ന സംശയം കൂടുതൽ ശക്തമാക്കുകയാണ് പൊലീസിന്റെ നിലവിലെ നീക്കം.

ഇലന്തൂര്‍ നരബലി കേസ് പ്രതികളെ ചോദ്യം ചെയ്യാൻ പത്തനംതിട്ട ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അപേക്ഷയിൽ നരബലി കേസിലെ കൊലപാതങ്ങൾക്ക് സമാനമാണ് സരോജിനിയുടേതും എന്നതിന് വ്യക്തമായ കാരണങ്ങളാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Crime Branch questioned elanthoor human sacrifice accused in sarojini murder. Her son Sunil said that there is hope in enquiry in Sarojini's murder case after many years.