രാമായണം ടെലിവിഷന്‍ പരമ്പരയിലെ ശ്രീരാമനെ മീററ്റില്‍ കളത്തിലിറക്കി ബി.ജെ.പി

arun-govil
SHARE

രാമാനന്ദ സാഗറിന്‍റെ രാമായണം ടെലിവിഷന്‍ പരമ്പരയില്‍ ശ്രീരാമനായി വേഷമിട്ട അരുണ്‍ ഗോവിലിനെ രംഗത്തിറക്കിയാണ് മീററ്റില്‍ ബിജെപിയുടെ പോരാട്ടം. ഹാട്രിക് വിജയം നേടിയ രാജേന്ദ്ര അഗര്‍വാളിനെ മാറ്റിയാണ് അരുണ്‍ ഗോവിലിന് ബിജെപിക്ക് ടിക്കറ്റ് നല്‍കിയിട്ടുള്ളത്. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ഥ്യമായത് ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പില്‍ ഗോവിലിന്‍റെ സ്ഥാനാര്‍ഥിത്വത്തിന് രാഷ്ട്രീയമായി പ്രധാന്യം ഏറെയാണ്.

അരുണ്‍ ഗോവില്‍. പ്രൗഢപൂര്‍ണമായ ദൂരദര്‍ശന്‍ കാലത്തിന്‍റെ, ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങള്‍ തോറുമുള്ള വീടുകളില്‍പ്പോലും ആളുകളെ പിടിച്ചിരുത്തിയ രാമായണം സീരിയലിന്‍റെ ഗൃഹാതുരമായ ഒാര്‍മപ്പെടുത്തല്‍. അയോധ്യയില്‍ രാംലല്ലയെത്തി. ജന്മദേശമായ മീററ്റിലേയ്ക്ക് അരുണ്‍ ഗോവിലും. ബിജെപിയുടെ പ്രചാരണം ഇങ്ങിനെയാണ്. രാമക്ഷേത്രം യഥാര്‍ഥ്യമാക്കിയത് ഉയര്‍ത്തിക്കാട്ടി ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ യുപിയില്‍ അരുണ്‍ ഗോവില്‍ മല്‍സരിക്കുന്നത് വലിയ രാഷ്ട്രീയ സന്ദേശമാണ്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കൊപ്പമെത്തിയാണ് ഗോവില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ഗോവിലും മൗര്യയും. 

1952 ജനുവരി 12ന് മീററ്റല്‍ ജനിച്ച ഗോവില്‍ ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനിയറിങ് ബിരുദം നേടിയശേഷം സഹോദരന്‍റെ ബിസിനസില്‍ പങ്കാളിയാകാന്‍ മുംബൈയിലെത്തി. അഭിനയമാണ് തന്‍റെ വഴിയെന്ന് വൈകാതെ തിരിച്ചറിഞ്ഞു. 1977ല്‍ പുറത്തിറങ്ങിയ പഹേലിയില്‍ വേഷമിട്ടു. 1987ല്‍ രാമാനന്ദ് സാഗറിന്‍റെ വിക്രം വേളത്തിലൂടെ ടെലിവിഷനിലേയ്ക്ക്. തുടര്‍ന്ന് എവര്‍ഗ്രീന്‍ രാമായണം. ഇന്ത്യ– ജാപ്പനീസ് സംയുക്ത അനിമേഷന്‍ ചിത്രമാണ് രാമായണ: ദ് ലെജന്‍ഡ് ഒാഫ് പ്രിന്‍സ് രാമയില്‍ രാമന് ശബ്ദം നല്‍കി. കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തിയാണ് ഗോവില്‍ രാഷ്ട്രീയരംഗത്തേയ്ക്ക് പ്രവേശിച്ചത്. 

MORE IN INDIA
SHOW MORE