മഹാരാഷ്ട്രയിൽ 60%; തെലങ്കാനയിൽ 75%: ശമ്പളം വെട്ടിക്കുറച്ചു; കണക്കുകളിങ്ങനെ

കോവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനപ്രതിനിധികളുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ച് തെലങ്കാന, മഹാരാഷ്ട്ര സർക്കാരുകള്‍. മഹാരാഷ്ട്രയിൽ 60 ശതമാനം വരെയും തെലങ്കാനയിൽ 75 ശതമാനം വരെയുമാണ് ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചത്.കേരളത്തിൽ സർക്കാർ ജീവനക്കാർ ഒരുമാസത്തെ സാലറി നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുതൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾവരെയുള്ള ജനപ്രതിനിധികളുടെ മാർച്ച് മാസത്തെ ശമ്പളം 60 ശതമാനം വെട്ടിക്കുറയ്‍ക്കാനാണ് തീരുമാനം. എ, ബി ക്ലാസിലുള്ള സർക്കാർ ജീവനക്കാരുടെ ശമ്പളം 50 ശതമാനവും സി ക്ലാസിലുള്ളവരുടെ ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കും. അതേസമയം പ്യൂൺ, ഓഫീസ് അസിസ്റ്റന്റ് എന്നിവരടങ്ങുന്ന ഡി ക്ലാസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‍ക്കില്ല. 75 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തെലങ്കാന സർക്കാരിന്റെ തീരുമാനം. ക്ലാസ് നാലിൽ ഉൾപ്പെടുന്ന ജീവനക്കാരുടെയും കരാർ തൊഴിലാളികളുടെയും ശമ്പളം 10 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. 

ഇതിനിടെ, പത്തനംതിട്ടയും കാസര്‍കോടും ഉള്‍പ്പെടെ കോവിഡ് രോഗബാധ കൂടുതല്‍ തീവ്രമാകാന്‍ സാധ്യതയുള്ള പത്തു സ്ഥലങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. ഡല്‍ഹിയിലെ നിസാമുദീന്‍, നോയിഡ, ബില്‍വാഡ, അഹമ്മദാബാദ്, മുംബൈ, പുണെ എന്നീ സ്ഥലങ്ങളും ഹോട്ട് സ്പോട്ടുകളാണ്. രാജ്യത്ത് 1280 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മരിച്ചവരുടെ എണ്ണം നാല്‍പ്പതായി. 

ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ മഹാരാഷ്ട്രയില്‍  198 പേര്‍ക്ക് രോഗമുണ്ട്. ആറു പേര്‍ മരിച്ച ഗുജറാത്തില്‍ രോഗബാധിതരുടെ എണ്ണം 69 ആണ്. കര്‍ണാടകയില്‍ മൂന്നുപേരാണ് ഇതുവരെ മരിച്ചത്. മധ്യപ്രദേശില്‍ മൂന്നും ഡല്‍ഹി, ജമ്മു കശ്മീര്‍,  പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും മരിച്ചു.