യുപിയിൽ ഭീമൻ സ്വർണഖനി കണ്ടെത്തിയിട്ടില്ല; വാർത്ത തള്ളി ജിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

ഉത്തർപ്രദേശിൽ നിന്നും രണ്ട് ഭീമൻ സ്വർണഖനികൾ കണ്ടെത്തിയെന്ന വാർത്ത തള്ളി ജിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. വൻ സ്വർണനിക്ഷേപമുള്ള ഖനികൾ സോനാഭദ്രയിൽ നിന്നും കണ്ടെത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇവിടെ 3,350 ടണ്‍ സ്വര്‍ണ നിക്ഷേപം ഉണ്ടെന്നായിരുന്നു വാർത്ത. എന്നാൽ അത്തരത്തിൽ ഒരു കണ്ടെത്തലും ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയിട്ടില്ലെന്നും യു പി മൈനിംഗ് വകുപ്പാണ് റിപ്പോർട്ട് നൽകിയതെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.

160 കിലോ സ്വർണ്ണ ശേഖരം മാത്രമാണ് ജിഎസ്ഐ ഇതുവരെ കണ്ടെത്തിയതെന്നും ഇതിൽ വ്യക്തത വരുത്താൻ സംസ്ഥാന മൈനിംഗ് വകുപ്പുമായി ചേർന്ന് വാർത്ത സമ്മേളനം നടത്തുമെന്നും അധികൃത‌ർ വ്യക്തമാക്കി. സോന്‍പഹാദി, ഹാര്‍ദി എന്നിവിടങ്ങളിലാണ് സ്വര്‍ണ നിക്ഷേപമെന്നും. സോന്‍പഹാദിയില്‍ 2,700 ടണ്‍ സ്വര്‍ണ നിക്ഷേപവും ഹാര്‍ദിയില്‍ 650 ടണ്‍ നിക്ഷേപവുമുണ്ടാകുമെന്ന് റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ഇൗ വാർത്ത ദേശീയ വാർത്താ ഏജൻസിയായ എഎൻഐയും, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമടക്കം പുറത്തുവിട്ടിരുന്നു.

ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ ശേഖരം നിലവില്‍ 625.6 ടണ്‍ ആണ്. ഇന്ത്യയുടെ കൈവശമുള്ള കരുതല്‍ സ്വര്‍ണശേഖരത്തിന്റെ അഞ്ചിരട്ടി ഇപ്പോള്‍ കണ്ടെത്തിയ രണ്ട് സ്വര്‍ണഖനികളിലുണ്ടെന്നായിരുന്നു വാർത്തകൾ.