ഇക്കുറിയും വോട്ടില്ല; പ്രതീക്ഷകളും ആശങ്കകളും പങ്കുവച്ച് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം

ഡല്‍ഹിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട അയ്യായിരത്തോളം പേരുണ്ടെങ്കിലും ഇവരില്‍ ഭൂരിപക്ഷത്തിനും തിരഞ്ഞെടുപ്പില്‍ വോട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡൽഹിയിലെ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പ്രതീക്ഷകളും ആശങ്കകളും അവർ മനോരമ ന്യൂസിനോട് പങ്കുവച്ചു. 

നാടും വീടും തിരസ്കരിച്ചവർ.  രാജ്യതലസ്ഥാനത്തിന്റെ തണലിലേക്ക് അഭയം തേടി വന്നവർ. അതിൽ ബഹുഭൂരിപക്ഷത്തിനും ഇക്കുറിയും വോട്ടില്ല. കണക്കുകൾ പ്രകാരം ഡൽഹിയിൽ അയ്യായിരത്തിനടുത്ത് ട്രാൻസ്ജെൻഡറുകളുണ്ട്, എന്നാൽ വോട്ടർ പട്ടികയിൽ പേരുള്ളത് 693 പേർക്ക് മാത്രം. ഇവരിൽ പലർക്കും സ്വന്തമെന്ന് വിളിക്കാനുള്ളത് സ്വപ്നങ്ങളാണ് അതുകൊണ്ടുതന്നെ ഒരോ തിരഞ്ഞെടുപ്പും ഇവരിൽ പ്രതിക്ഷയുളവാക്കും, സുരക്ഷിതമായൊരു ഭാവിക്കായി. 

കേരളത്തിൽ ലഭിക്കുന്ന പല സൗകര്യങ്ങളും ഡൽഹിയിലെ ട്രാൻസ്ജെൻഡർ സമൂഹത്തിന് കിട്ടാക്കനിയാണ്.  എല്ലാ വിഭാഗങ്ങളെയും ചേർത്തുനിർത്തുന്നുമെന്ന അവകാശവാദവുമായി രാഷ്ട്രീയപാർട്ടികൾ ഇത്തവണയും സജീവമാണ്. അവരുടെ കണ്ണിലെങ്ങുംപെടാതെ തുടരുന്ന ഈ മനുഷ്യജന്മങ്ങൾ ഈ തിരഞ്ഞെടുപ്പെങ്കിലും ജീവിതത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ്.