'വിവേകാനന്ദൻ പൗരത്വനിയമത്തിന് എതിര്'; ട്വിറ്ററിൽ വൻ അബദ്ധം പിണഞ്ഞ് ബിജെപി നേതാവ്

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ വൻ അബദ്ധം പിണഞ്ഞ് ബിജെപി നേതാവ്. സ്വാമി വിവേകാനന്ദൻ ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കും എതിരായിരുന്നുവെന്ന തരത്തിലുള്ള ഹാഷ്ടാഗ് ആണ് പുലിവാല് ആയത്. ഗോവയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സവൈക്കർക്കാണ് അബദ്ധം പറ്റിയത്. ബിജെപി ജനറൽ സെക്രട്ടറിയും മുൻ എംപിയുമാണ് സവൈര്‍ക്കർ. 

സ്വാമി വിവേകാനന്ദന്റെ ജന്മവാർഷിക ദിനത്തിലാണ് സവൈക്കർ വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തത്. വിവേകാനന്ദന്റെ പ്രശസ്തമായ ചിക്കാകോ പ്രസംഗത്തിലെ വരികൾ ഉദ്ധരിച്ചായിരുന്നു ട്വീറ്റ്. '''ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും സകല മതത്തിലും ഉൾപ്പെട്ട എല്ലാ അഭയാർത്ഥികൾക്കും പീഡിതർക്കും അഭയം നൽകുന്ന ഒരു രാജ്യത്ത് നിന്നാണ് വരുന്നത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു''- സവൈക്കർ കുറിച്ചു. 

ട്വീറ്റിനൊപ്പം വിവേകാനന്ദൻ സിഎഎ, എൻആർസി, ഹിന്ദുത്വ എന്നിവക്കെതിരാണെന്ന ഹാഷ്ടാഗുകളും ഒപ്പം ചേർത്തു. അബദ്ധം സംഭവിച്ചെന്ന് മനസ്സിലായതോടെ സവൈക്കർ ട്വീറ്റ് പിൻവലിച്ചു. 1893 ലെ വിവേകാനന്ദന്‍റെ വിഖ്യാതമായ ഷിക്കാഗോ പ്രസംഗം ഉദ്ധരിക്കാനാണ് ശ്രമിച്ചതെന്നും അക്ഷരപിശക് സംഭവിക്കുകയായിരുന്നുവെന്നും സവൈക്കർ പിന്നീട് മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.