ഡൽഹിയിൽ കെ‍ജ്​രിവാൾ തന്നെ; ബിജെപിക്ക് തിരിച്ചടി; അഭിപ്രായ സർവെ റിപ്പോർട്ട്

പ്രതിഷേധങ്ങളും രോഷവും കൊടികുത്തി നിൽക്കുന്ന ഡൽഹി അടുത്തമാസം വിധിയെഴുത്തിന് ഒരുങ്ങുകയാണ്. എങ്ങനെയും തലസ്ഥാനം പിടിക്കാൻ ഇറങ്ങുന്ന ബിജെപിയെ അമ്പരപ്പിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡൽഹിയിൽ വീണ്ടും ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് പുതിയ അഭിപ്രായ സർവെ സൂചിപ്പിക്കുന്നത്.  70 അംഗ സഭയില്‍ 59 സീറ്റ് വരെ എഎപി നേടിയേക്കാമെന്നാണ് എബിപി ന്യൂസിന്റെ സര്‍വെയിൽ പറയുന്നത്.

ബിജെപിക്ക് എട്ടു സീറ്റും കോണ്‍ഗ്രസിന് മൂന്നു സീറ്റുമാണ് സര്‍വെ പ്രവചിക്കുന്നത്. 55 ശതമാനം വോട്ട് എഎപിക്ക് ലഭിക്കും. ബിജെപിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും കഴിഞ്ഞ തവണത്തെക്കാള്‍ ആറ് ശതമാനം വോട്ട് കുറയുമെന്നുമാണ് സര്‍വെ പറയുന്നത്. കോൺഗ്രസ് ഇത്തവണയും ഡൽഹിയിൽ നേട്ടമുണ്ടാക്കില്ലെന്നും സർവെ പ്രവചിക്കുന്നു. 

സർവെയിൽ പങ്കെടുത്ത 70 ശതമാനം പേരും മുഖ്യമന്ത്രിയായി അരവിന്ദ് കെജ്​രിവാളിനെയാണ് പിന്തുണച്ചത്. അടുത്തമാസം 8നാണ് വോട്ടെടുപ്പ്. 11നാണ് വോട്ടെണ്ണല്‍. ഈ മാസം 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷമ പരിശോധന. ഫെബ്രുവരി 8ന് ഒറ്റഘട്ടമായി വോട്ടെടുപ്പ്. 11ന് വോട്ടെണ്ണല്‍. 13ന് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന അവസാനിക്കും.