‘അകറ്റരുതെന്നെയീ, സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും’; ശ്രീധരൻപിള്ളയുടെ ‘മിസോറാം’ കവിത; വൈറൽ

‘ഒാ, മിസോറാം നീയെത്ര സുന്ദരി..’ മിസോറാം ഗവർണറും മുൻ കേരള ബിജെപി അധ്യക്ഷനുമായ പി.എസ് ശ്രീധരൻപിള്ളയുടെ കവിത സമൂഹമാധ്യമങ്ങളിൽ ൈവറലാവുകയാണ്.  ‘മിസോറാം, പ്രിയ മിസോറാം’ എന്ന തലക്കെട്ടോടെയാണ് ശ്രീധരൻപിള്ള മിസോറാമിന്റെ സൗന്ദര്യത്തെ വർണിക്കുന്നത്. കവിതയിൽ സംസ്ഥാനം സ്വർഗ തുല്യമാണെന്നും തന്നെ ആരും ഇവിടെനിന്ന് അകറ്റരുതെന്നും അദ്ദേഹം കവിതയിലൂടെ അപേക്ഷിക്കുന്നുണ്ട്.

‘വടക്കുകിഴക്കന്‍..സ്‌നിഗ്ധസൗന്ദര്യമേ..അടുത്തേക്കടുത്തേക്കുവന്നാലും..പ്രിയപ്പെട്ടവരൊന്നും..കൂടെയില്ലെന്നറിയാം..എന്നാലും അകറ്റരുതെന്നെയീ..സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും’ കവിതയിൽ അദ്ദേഹം കുറിച്ചു.

കവിതാ വായിക്കാം: 

മിസോറാം പ്രിയ മിസോറാം

ഓ,മിസോറാം

നീയെത്ര സുന്ദരി

തപ്തമെന്‍ ഹൃദയത്തില്‍

നീറുവതെന്തൊക്കെ

ഇപ്പോഴിതാ സ്വര്‍ഗത്തിലെ

ശുദ്ധസമീരന്‍

രാഗരേണുക്കള്‍തന്‍

മഹാപ്രവാഹത്തിലാണു ഞാന്‍

പിച്ചവെച്ച ഗ്രാമീണവിശുദ്ധി

തുടിച്ചുതുള്ളുന്നിപ്പോഴും

അതിനാലീ സ്വര്‍ഗത്തില്‍ നിന്ന്

ഭൂമിയിലേക്കു നോക്കാതെങ്ങനെ ?

വടക്കുകിഴക്കന്‍ സ്‌നിഗ്ധസൗന്ദര്യമേ

അടുത്തേക്കടുത്തേക്കുവന്നാലും

പ്രിയപ്പെട്ടവരൊന്നും

കൂടെയില്ലെന്നറിയാം

എന്നാലും അകറ്റരുതെന്നെയീ

സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും

അവിടെ നിറവും മണവും

നിത്യം നിറഞ്ഞു തുളുമ്പട്ടെ.