വിമതരുടെ വിലക്ക് നീക്കിയ വിധി ആശ്വാസം; സ്വാഗതം ചെയ്യുന്നെന്ന് ബി എസ് യെഡിയൂരപ്പ

കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട പതിനേഴു എം.എല്‍.എമാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാം. എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച കോടതി, നിയമസഭയുടെ കാലാവധി തീരും വരെ അയോഗ്യത നിലനില്‍ക്കുമെന്ന തീരുമാനമാണ് തള്ളിയത്. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചിന്റെതാണ് സുപ്രധാന വിധി.  

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിരിക്കുന്നവര്‍ക്ക് ധാര്‍മികത ഒരേപോലെ ബാധകണാണെന്ന നിരീക്ഷണത്തോടെയാണ് കര്‍ണാടകയിലെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയുള്ള സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചത്. പതിനാലു കോണ്‍ഗ്രസ് വിമതരും മൂന്ന് ജെ.ഡി.എസ് വിമതരും ബി.ജെ.പിക്കൊപ്പം നിന്നാണ് എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്–ജെ.ഡി.എസ് സര്‍ക്കാരിനെ ജൂലൈയില്‍ താഴെയിറക്കിയത്. ഇവര്‍ക്ക് അടുത്തമാസം അഞ്ചിന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തടസമില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീംകോടതിയെ നേരിട്ട സമീപിച്ച വിമതരുടെ നടപടിയെ കോടതി വിമര്‍ശിച്ചു. അയോഗ്യരാക്കുന്നതിന് മുന്‍പ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതുകൊണ്ട് അയോഗ്യ ഇല്ലാതാകുന്നില്ല. രാജിയുടെ പേരില്‍ അല്ല അയോഗ്യത. അതേസമയം, നിയമസഭയുടെ കാലാവധി തീരുന്ന 2023 എം.എല്‍.എമാരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വിലക്കിയ സ്പീക്കറുടെ നടപടി നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു. ഇത്തരത്തില്‍ സമയം നിശ്ചയിക്കാന്‍  ഭരണഘടന പത്താം ഷെഡ്യൂളില്‍ സ്പീക്കര്‍ക്ക് അധികാരം നല്‍കുന്നില്ല.