കള്ളപ്പണ ഇടപാടുകള്‍ക്ക് സഹായം; 2000 രൂപയുടെ അച്ചടി നിര്‍ത്തിവച്ച് റിസര്‍വ് ബാങ്ക്

രണ്ടായിരം രൂപയുടെ അച്ചടി നിര്‍ത്തിവച്ച് റിസര്‍വ് ബാങ്ക്. കള്ളപ്പണം തടയാനെന്ന് അവകാശപ്പെട്ട് നോട്ടുനിരോധനം നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ടായിരത്തിന്റെ കറന്‍സി കൊണ്ടുവന്നത്. എന്നാല്‍, രണ്ടായിരത്തിന്റെ കറന്‍സിയാണ്  കള്ളപ്പണ ഇടപാടുകള്‍ക്ക് കൂടുതല്‍ സഹായകരമാകുന്നുവെന്ന് തിരിച്ചറിഞ്ഞാണ് ആര്‍.ബി.ഐ നടപടി. 

ആയിരം,അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയ 2016ലെ നോട്ടുനിരോധനത്തിന് പിന്നാലെ വന്ന രണ്ടായിരം രൂപയുടെ കറന്‍സി ചരിത്രമായേക്കുമെന്ന സൂചന നല്‍കുന്നതാണ് റിസര്‍വ് ബാങ്കിന്റെ വെളിപ്പെടുത്തല്‍. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍  രണ്ടായിരം രൂപയുടെ ഒരു കറന്‍സി പോലും അച്ചടിച്ചിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ആര്‍.ബി.ഐ വ്യക്തമാക്കി. കള്ളപ്പണം തടയുകയായിരുന്നു മോദിയുടെ നോട്ടുനിരോധന ലക്ഷ്യം. എന്നാല്‍, രണ്ടായിരത്തിന്റെ വരവ് കള്ളപ്പണക്കാരെ കൂടുതല്‍ സഹായിക്കുമെന്ന് അന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടുവര്‍ഷത്തിന് ശേഷം ഇത് തിരിച്ചറിഞ്ഞുള്ള നടപടികളാണ് ആര്‍.ബി.ഐ സ്വീകരിക്കുന്നത്. അതേസമയം, രണ്ടായിരം രൂപയുടെ നോട്ടു അസാധുവാകില്ല. പകരം ഘട്ടംഘട്ടമായി വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുകയാണ് ലക്ഷ്യം. നോട്ടുനിരോധനം നടപ്പാക്കിയ 2016-17 സാമ്പത്തികവര്‍ഷത്തില്‍ രണ്ടായിരം രൂപയുടെ 354 കോടി  നോട്ടുകളാണ് അച്ചടിച്ചത്. തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തില്‍ അച്ചടി 11 കോടി നോട്ടുകളിലേക്ക് ചുരുങ്ങി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ വെറും നാലര കോടി നോട്ടുകളാണ് അച്ചടിച്ചത്. ഈ വര്‍ഷം ഒന്നും അച്ചടിച്ചിട്ടുമില്ല. 2018 മാര്‍ച്ചിലെ കണക്ക് പ്രകാരം രാജ്യത്ത് 18 ലക്ഷം കോടി രൂപയാണ് വിനിമയത്തിലുള്ളത്. ഇതില്‍ 6.73 ലക്ഷം കോടി രണ്ടായിരത്തിന്റെ കറന്‍സിയിലാണ് വിനിമയം ചെയ്യപ്പെടുന്നത്. ഇത് ആകെ വിനിമയത്തിലുള്ള പണത്തിന്റെ 37 ശതമാനം വരും.